
കാസര്‍ഗോഡ്: അഞ്ച് മാസം മുന്‍പ് മികച്ച വില്ലേജ് ഓഫീസര്‍ക്കുള്ള പുരസ്കാരം നേടിയ ഉദ്യോഗസ്ഥന്‍ ആറാം മാസം കൈക്കൂലി കേസില്‍ അറസ്റ്റില്‍. പ്രവാസിയായ എം അബ്ദുള്‍ റഷീദിന്‍റെ പരാതിയിലാണ് കാസർകോഡ് ജില്ലയിലെ ചിത്താരി വില്ലേജ് ഓഫീസറും വില്ലേജ് അസിസ്റ്റന്റും പിടിയിലായത്. വില്ലേജ് ഓഫീസർ അരുൺ സി, വില്ലേജ് അസിസ്റ്റന്റ് സുധാകരൻ കെ വി എന്നിവരെയാണ് വിജിലന്‍സ് പിടിയിലായത്. മൊത്തം മൂവായിരം രൂപയാണ് ഇരുവരും ചേര്‍ന്ന് വാങ്ങിയത്.
പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റിനായ അപേക്ഷ നൽകിയ ചിത്താരി സ്വദേശിയോടായിരുന്നു ഇരുവരും കൈക്കൂലി ആവശ്യപ്പെട്ടത്. പരാതിക്കാരന്റെ സഹോദരി കെട്ടിലങ്ങാട് എന്ന സ്ഥലത്ത് 17.5 സെന്റ് ഭൂമി വാങ്ങാനായി കരാർ എഴുതിയിരുന്നു. സ്ഥലം ഉടമ മരണപ്പെട്ടതോടെ, അയാളുടെ ഭാര്യയുടെ പേരിലേക്ക് വസ്തു മാറ്റിയ ശേഷമേ രജിസ്ട്രേഷൻ ചെയ്യാൻ സാധിക്കുകയുള്ളൂ എന്നതിനാൽ, ഭൂമിയുടെ പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റിനായി രണ്ട് മാസം മുമ്പാണ് അപേക്ഷ സമർപ്പിച്ചത്. അപേക്ഷയുടെ പുരോഗതി അറിയാൻ കഴിഞ്ഞ ദിവസം അന്വേഷിച്ചപ്പോൾ വില്ലേജ് ഓഫീസറായ അരുൺ 2000 രൂപയും വില്ലേജ് അസിസ്റ്റന്റ് സുധാകരൻ 1000 രൂപയും കൈക്കൂലി ആവശ്യപ്പെട്ടു.
പിന്നാലെ പരാതിക്കാരൻ വിവരം കാസർഗോഡ് വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വിശ്വംഭരൻനായരെ അറിയിക്കുകയായിരുന്നു. തുടർന്നാണ്, അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കിയത്. ഉച്ചയ്ക്ക് ശേഷം ഓഫീസിൽ വച്ച് കൈക്കൂലി വാങ്ങുമ്പോൾ കാസർഗോഡ് വിജിലൻസ് ഇരുവരേയുംകയ്യോടെ പിടികൂടി അറസ്റ്റ് ചെയ്തു. പ്രതികളെ തലശ്ശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കും. വിജിലൻസ് സംഘത്തിൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ കൂടാതെ ഇൻസ്പെക്ടർ സുനുമോൻ കെ, സബ്-ഇൻസ്പെക്ടർമാരായ ഈശ്വരൻ നമ്പൂതിരി, രാധാകൃഷ്ണൻ. കെ, മധുസൂദനൻ. വി.എം, സതീശൻ. പി വി, അസി. സബ് ഇൻസ്പെക്ടർമാരായ സുഭാഷ് ചന്ദ്രൻ. വി.ടി, പ്രിയ. കെ. നായർ, സീനീയർ സിവിൽ പോലീസ് ഓഫീസർമാരായ രാജീവൻ. വി, സന്തോഷ്. പി വി, പ്രദീപ് കെപി, പ്രദീപ് കുമാർ. വി എം, ബിജു. കെ.ബി, പ്രമോദ് കുമാർ.കെ, ഷീബ. കെ. വി എന്നിവരും ഉണ്ടായിരുന്നു.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറ്കടർ ടികെ . വിനോദ് കുമാർ. ഐ.പി.എസ്. ജനങ്ങളോട് അഭ്യർത്ഥിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം