
കോഴിക്കോട്: വനാതിര്‍ത്തിയോട് ചേര്‍ന്ന് വീടും പറമ്പുമുള്ള അധ്യാപകന്‍ വനഭൂമി കൈയ്യേറി മതില്‍ കെട്ടി. താമരശ്ശേരി ഫോറസ്റ്റ് റേഞ്ചിന് കീഴിലുള്ള പീടികപ്പാറ സെക്ഷനിലാണ് സംഭവം. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ഇടപെട്ടതോടെ മതില്‍ അധ്യാപകന്‍ തന്നെ പൊളിച്ചു നീക്കി. കുന്ദമംഗലം കാരന്തൂര്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ അധ്യാപകനായ ശിഹാബ് സ്രാമ്പിക്കലാണ് അറിവില്ലായ്മ മൂലം ചെയ്ത പ്രവൃത്തിക്ക് സ്വന്തം ചിലവില്‍ തന്നെ പരിഹാരം കണ്ടെത്തിയത്.
കഴിഞ്ഞ ദിവസമാണ് സംഭവങ്ങളുടെ തുടക്കം. ഫീല്‍ഡ് സര്‍വേയുടെ ഭാഗമായി വനത്തില്‍ പരിശോധന നടത്തുന്നതിനിടയിലാണ് ഉദ്യോഗസ്ഥര്‍ ഈ കാഴ്ച കണ്ടത്. വനാതിര്‍ത്തിയില്‍ സ്ഥാപിച്ച സര്‍വേ കല്ലിന് മുകളിലായി പത്ത് മീറ്ററോളം ദൂരത്തില്‍ അനധികൃതമായി മതില്‍ കെട്ടിയിരുന്നു. ഉടന്‍ തന്നെ ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍(ഗ്രേഡ്) പ്രസന്നകുമാറിന്റെ നേതൃത്വത്തില്‍ ശിഹാബിനെ കണ്ട് വിവരം അന്വേഷിച്ചു. ജണ്ട കെട്ടിയതാണ് വനാതിര്‍ത്തി എന്ന അറിവില്ലായ്മയാണ് മതില്‍ കെട്ടാന്‍ കാരണമായതെന്നായിരുന്നു അദ്ദേഹം നല്‍കിയ മറുപടി.
സര്‍വേക്കല്ല് പാകിയ സ്ഥലമാണ് വനത്തിന്റെ അതിര്‍ത്തി എന്ന സുഹൃത്തിന്റെ തെറ്റായ ഉപദേശം വിശ്വസിച്ചതും ശിഹാബിന് വിനയായി. അനധികൃതമായി കെട്ടിയ മതില്‍ ഉടന്‍ പൊളിച്ചു നീക്കണമെന്നും ഇല്ലെങ്കില്‍ കേസെടുക്കേണ്ടി വരുമെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ തന്നെ പ്രസ്തുത മതില്‍ ശിഹാബ് സ്വന്തം ചിലവില്‍ പൊളിച്ചു നീക്കുകയായിരുന്നു. മതില്‍ പൊളിച്ചു മാറ്റിയതിനാലും സര്‍വേ കല്ലിന് ഉള്‍പ്പെടെ നാശനഷ്ടങ്ങള്‍ സംഭവിക്കാത്തതിനാലും മറ്റ് നടപടികള്‍ ഒന്നും സ്വീകരിക്കുന്നില്ലെന്ന് ഫോറസ്റ്റ് അധികൃതര്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam