
ആലപ്പുഴ: മദ്യം കൂടുതല്‍ നല്‍കാത്തതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ടൂറിസ്റ്റ് ടാക്‌സി ഡ്രൈവറെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ നാലുപേരെ ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം കാഞ്ഞിരപ്പള്ളി കൂവപ്പള്ളി പിഒ കാരപ്ലാക്കല്‍ വിചിന്‍, ആലപ്പുഴ കലവൂര്‍ മണ്ണഞ്ചേരി കണ്ണന്തറവെളിയില്‍ സോനു എന്ന അലക്‌സ്, നോര്‍ത്ത് ആര്യാട് മണ്ണാപറമ്പ് വീട്ടില്‍ ദീപക്, ചേര്‍ത്തല സിഎംസി 3 അരയശേരി വീട്ടില്‍ സുജിത്ത് എന്നിവരാണ് പിടിയിലായത്. കോഴിക്കോട് സ്വദേശിയായ ഡ്രൈവര്‍ ജംഷീറിനാണ് വെട്ടേറ്റത്.
ഡിസംബര്‍ 31ന് രാത്രി 10.30ഓടെയായിരുന്നു സംഭവം. കൊച്ചിയില്‍നിന്നും ടൂറിസ്റ്റുകളുമായി ആലപ്പുഴയിലെ റിസോര്‍ട്ടില്‍ എത്തിയതായിരുന്നു ജംഷീര്‍. പാര്‍ക്കിങ് ഏരിയയില്‍വെച്ച് മറ്റൊരു ടാക്‌സി ഡ്രൈവറായ വിചിനുമായി ജംഷീര്‍ മദ്യപിച്ചു. വിചിന് നല്‍കിയ മദ്യത്തിന്റെ അളവ് കുറഞ്ഞതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ വിചിന്റെ തലയ്ക്ക് പരിക്കേറ്റു. തുടര്‍ന്ന് വിചിന്‍ അളിയനായ ദീപക്കിനെയും സുഹൃത്തുക്കളെയും വിളിച്ചുവരുത്തി ജംഷീറിനെ ആക്രമിക്കുകയും കാര്‍ അടിച്ചുതകര്‍ക്കുകയുമായിരുന്നു.
കൈയിനും മുതുകിനും പരിക്കേറ്റ ജംഷീറിനെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൗത്ത് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്എച്ച്‌ഒ വിഡി റജിരാജിന്റെ നേതൃത്വത്തില്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ രാജീവ് പിആര്‍, എസ്‌ഐ സാലി സിസി, എഎസ്‌ഐമാരായ രതീഷ് ബാബു, അന്‍സ് എ, സീനിയര്‍ സിപിഒമാരായ സജു സത്യന്‍, സജീഷ് എസ്, ബിനു ടിഎസ്, ഡാരില്‍ നെല്‍സണ്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam