
ഹരിപ്പാട്: ഹരിപ്പാട് കുമാരപുരം പഞ്ചായത്തിലെ അനന്തപുരം കുടിവെള്ള പമ്പ് ഓപ്പറേറ്ററെ ഭീഷണിപ്പെടുത്തി ജലവിതരണ മോട്ടർ പ്രവർത്തനം ബലമായി നിർത്തിവയ്പിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ. പൊത്തപ്പള്ളി പീടികയിൽ വീട്ടിൽ ടോം പി തോമസ് (24), ചെട്ടിശ്ശേരി വടക്കതിൽ നന്ദു പ്രകാശ് (33), എരിയ്ക്കാവ് തുണ്ടുപറമ്പിൽ വീട്ടിൽ ഷിജിൻ ഫിലിപ്പോസ് (23), കൊല്ലം വട്ടമാറ മനുജവിലാസത്തിൽ ഹരികൃഷ്ണൻ (21) എന്നിവരെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ഹരിപ്പാട് ജലവിതരണ വിഭാഗം സ്ഥിരം ജീവനക്കാരൻ ഷിനോദിനെ ബൈക്കിലെത്തിയ നാലംഗ സംഘം 22ന് രാത്രി 11 മണിയോടെ പമ്പ് ഹൗസിലെത്തി ഭീഷണിപ്പെടുത്തുകയും വെള്ളം പമ്പ് ചെയ്തതിന് തടസ്സപ്പെടുത്തുകയും വാട്ടർടാങ്ക് തല്ലിപ്പൊട്ടിക്കുകയും ചെയ്യുകയായിരുന്നു. ടോം പി ജോസഫ് മാന്നാർ, ഹരിപ്പാട് എന്നീ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയാണ്.
നന്ദു പ്രകാശ് തൃക്കുന്നപ്പുഴ, ഹരിപ്പാട് സ്റ്റേഷനുകളിൽ അടിപിടി കേസുകളിലും, ഷിജിൻ ഫിലിപ്പോസ് തൃക്കുന്നപ്പുഴ സ്റ്റേഷനിലെയും, ഹരികൃഷ്ണൻ തമ്പാനൂർ ഫോർട്ട് പൊലീസ് സ്റ്റേഷനിലേയും മോഷണക്കേസുകളിലെയും പ്രതിയാണ്. ഹരികൃഷ്ണൻ ജയിലിൽ കിടന്ന സമയത്ത് ടോമുമായി പരിചയപ്പെട്ടാണ് ഹരിപ്പാട് എത്തിയെതെന്നും പൊലീസ് പറയുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam