കഞ്ചാവുമായി യുവതിയടക്കം നാല് പേര്‍ പിടിയില്‍

By Web TeamFirst Published May 12, 2019, 3:29 PM IST
Highlights

പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്നു നടത്തിയ പരിശോധനയിൽ വാഹനത്തിനുള്ളിൽ യുവതി ഇരുന്ന സീറ്റിന്റെ അടിയിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്

ഇടുക്കി: കേരള–തമിഴ്നാട് അതിർത്തിയായ കമ്പംമെട്ട് ചെക്പോസ്റ്റിൽ എക്സൈസ് നടത്തിയ രാത്രികാല വാഹന പരിശോധനക്കിടെ അരക്കിലോ കഞ്ചാവുമായി യുവതിയടക്കം നാല് പേർ പിടിയിൽ. എറണാകുളം കോഴിക്കോട്, കോട്ടയം സ്വദേശികളാണ് പിടിയിലായത്.

പിടിയിലായവർ സ്വകാര്യ കമ്പനി ജീവനക്കാരും ബിരുദധാരികളുമാണ്. ഇവർ സഞ്ചരിച്ചിരുന്ന കാറും എക്സൈസ് പിടിച്ചെടുത്തു. വെള്ളിയാഴ്ച രാത്രി 11നു എക്സൈസ് ചെക്പോസ്റ്റിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് നാൽവർ സംഘം എത്തിയത്.

പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്നു നടത്തിയ പരിശോധനയിൽ വാഹനത്തിനുള്ളിൽ യുവതി ഇരുന്ന സീറ്റിന്റെ അടിയിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. കമ്പംമെട്ട് എക്സൈസ് ഇൻസ്പെക്ടർ വി ജെ മധു, പ്രിവന്റീവ് ഓഫിസർ എ കടകര, സിവിൽ എക്സൈസ് ഓഫിസർമാരായ സാന്റി തോമസ്, ടി എ അനീഷ്, അനൂപ് പി ജോസഫ്, വനിത എക്സൈസ് ഓഫിസർ കെ ജെ ബിജി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

തുടർന്നു എക്സൈസ് നട‌ത്തിയ ചോദ്യം ചെയ്യലിൽ കമ്പത്തു നിന്നാണ് കഞ്ചാവ് വാങ്ങിയതെന്ന് പ്രതികൾ കുറ്റം സമ്മതിച്ചു. കൊടൈക്കനാല്‍ കണ്ട് മടങ്ങുന്നതിനിടെയാണ് അറസ്റ്റ്. സ്വന്തം ആവശ്യത്തിന് വേണ്ടിയാണ് കഞ്ചാവ് വാങ്ങിയതെന്നാണ് പിടികൂടിയവര്‍ മൊഴി നല്‍കിയിരിക്കുന്നത്.
 

click me!