
ഇടുക്കി: ജീവന്‍ തിരികെ ലഭിച്ചതിന്‍റെ ആശ്വാസത്തിലാണ് നാല് കുടുംബങ്ങള്‍. മൂന്നാര്‍ നല്ലതണ്ണി എസ്റ്റേറ്റ് കുറുമല ഡിവിഷനിലുള്ള എസ്റ്റേറ്റ് ലയത്തിലെ നാല് കുടുംബങ്ങളാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. വീടിന്‍റെ പുറകിലുള്ള കൂറ്റന്‍ വാട്ടര്‍ ടാങ്ക് ഇളകി വീടിന്‍റെ മുകളിലേയ്ക്ക് വീണെങ്കിലും അപകടം ഒഴിവാകുകയായിരുന്നു.
ടാങ്കിനോടൊപ്പം ഇരച്ചു വന്ന വെള്ളപ്പാച്ചിലും ചെളിവെള്ളവും വീടിനുള്ളില്‍ നിറഞ്ഞതോടെ വീട്ടുകാര്‍ പുറത്തിറങ്ങി ഓടുകയായിരുന്നു. വീടിന് പിന്‍ഭാഗത്തുള്ള മലയുടെ മുകളില്‍ നിന്നുള്ള മണ്ണിടിച്ചില്‍ ഒഴുകി വന്ന തേയിലച്ചെടികളും വീടിന് മുകളില്‍ പതിച്ചു. എസ്റ്റേറ്റ് തൊഴിലാളികളായ കറുപ്പയ്യ, അയ്യാദുരൈ, കുമാര്‍, അരുണ്‍കുമാര്‍ എന്നിവരുടെ വീടുകളാണ് നശിച്ചത്.
അയ്യാദുരൈയുടെ മകളായ പ്രിയങ്കയുടെ വിവാഹം കഴിഞ്ഞ ദിവസമാണ് നടക്കേണ്ടിയിരുന്നത്. കല്യാണത്തിന് തയ്യാറാക്കി വച്ചിരുന്നതും വീടും ഉരുള്‍പൊട്ടലില്‍ നശിച്ചതോടെ വിവാഹം 29 -ാം തീയതിയിലേയ്ക്ക് മാറ്റി വച്ചു. പ്രിയങ്കയുടെ സഹോദരന്‍ കാര്‍ത്തിക് തലനാരിഴയ്ക്കാണ് അപകടത്തിന്‍ നിന്നും രക്ഷപെട്ടത്. 15 ന് രാത്രി അര്‍ദ്ധരാത്രി ശുചിമുറിയില്‍ കയറിയതിന് പിന്നാലെ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു.
തൊട്ടടുത്ത വീട്ടിലെ കറുപ്പയ്യ, ജ്യോതി ദമ്പതികള്‍ ശബ്ദം കേട്ടതോടെ രണ്ട് മാസം പ്രായമായ കുട്ടിയുമായി പുറത്തേയ്‌ക്കോടി രക്ഷപ്പെട്ടു. ലയത്തിലെ അരുണ്‍ കുമാറിന്‍റെ വീട്ടില്‍ നാല് വയസ്സുള്ള കുട്ടിയും വൃദ്ധയായ മാതാവും ഉണ്ടായിരുന്നു. വീടിനകത്ത് അടിഞ്ഞുകൂടിയ ചെളിയും മാലിന്യവും നീക്കം ചെയ്യുവാനും തകര്‍ന്ന ഭാഗം ശരിയാക്കുവാനുമുള്ള ശ്രമത്തിലാണ് വീട്ടുകാര്‍. തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിലാണ് വീടുകള്‍ വൃത്തിയാക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam