പ്രളയത്തില്‍ ഒലിച്ചു പോയത് മകളുടെ വിവാഹത്തിനായി സ്വരുക്കൂട്ടിയ സ്വർണ്ണവും; വിവാഹം എങ്ങനെ നടത്തുമെന്നറിയാതെ വിജയന്‍

By Web TeamFirst Published Aug 25, 2018, 10:03 AM IST
Highlights

വിവാഹത്തിന്‍റെ സുന്ദര മൂഹൂര്‍ത്തത്തിലേക്ക് കടക്കാനിരിക്കെ പ്രളയം തട്ടിയെടുത്തത് നിര്‍ധന കുടുംബത്തിന്‍റെ  സ്വപ്‌നങ്ങളും പ്രതീക്ഷകളും. വിയര്‍പ്പൊഴുക്കി സമ്പാദിച്ച സ്വര്‍ണ്ണമടക്കമുള്ള സര്‍വ്വതും കാലവര്‍ഷക്കെടുതിയില്‍ നശിച്ചു. മാനസികവും ശാരീരികവുമായി തളര്‍ന്ന കുടുംബം നഷ്ടസ്വപ്‌നങ്ങളുടെ വേദനയില്‍ നിന്ന് ഇനിയും കരകയറിയിട്ടില്ല. 

ഇടുക്കി. വിവാഹത്തിന്‍റെ സുന്ദര മൂഹൂര്‍ത്തത്തിലേക്ക് കടക്കാനിരിക്കെ പ്രളയം തട്ടിയെടുത്തത് നിര്‍ധന കുടുംബത്തിന്‍റെ  സ്വപ്‌നങ്ങളും പ്രതീക്ഷകളും. വിയര്‍പ്പൊഴുക്കി സമ്പാദിച്ച സ്വര്‍ണ്ണമടക്കമുള്ള സര്‍വ്വതും കാലവര്‍ഷക്കെടുതിയില്‍ നശിച്ചു. മാനസികവും ശാരീരികവുമായി തളര്‍ന്ന കുടുംബം നഷ്ടസ്വപ്‌നങ്ങളുടെ വേദനയില്‍ നിന്ന് ഇനിയും കരകയറിയിട്ടില്ല. 

കഴിഞ്ഞ 14 ന് രാത്രിയുണ്ടായ മലവെള്ളപ്പാച്ചിലില്‍ മൂന്നാര്‍ അയ്യപ്പന്‍ കോവിലിന് സമീപത്തെ വിജയന്‍റെ വീട്  വെള്ളം കയറി തകര്‍ന്ന് പുഴയിലേക്ക് പതിക്കുകയായിരുന്നു. ഒരായുസ്സ് മുഴുവന്‍ കൂലിപ്പണിയില്‍ സമ്പാദിച്ചതെല്ലാം മഴയെടുത്തതിന്‍റെ ഞെട്ടലിലില്‍ നിന്ന് കുടുംബനാഥനായ വിജയന്‍ ഇനിയും മുക്തമായിട്ടില്ല. ഭാര്യ മുനിയമ്മ, മക്കളായ ശരവണന്‍, ശരണ്യ, സന്ധ്യ എന്നിവരാണ് അപകടം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നത്. 

മൂത്തമകളായ ശരണ്യയുടെ വിവാഹത്തിനായി ഒരുക്കി വച്ചിരുന്നതെല്ലാം നഷ്ടപ്പെട്ടു. പത്തുപവനോളം വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ക്കൊപ്പം വീട്ടിലെ അലമാരയും ഗൃഹോപകരണങ്ങളുമെല്ലാം മഴയില്‍ ഒലിച്ചു പോയി. സെപ്റ്റംബറിലെ ശുഭമുഹൂര്‍ത്തിലാണ് വിവാഹം നിശ്ചയിച്ചിരുന്നത്. വീടും സമ്പാദ്യവുമെല്ലാം നഷ്ടപ്പെട്ടതോടെ വിവാഹം ഇനി എങ്ങനെ നടത്തുമെന്ന ആശങ്കയിലാണ് കുടുംബം. 

വിജയന് അസുഖം വന്നതോടെ മകന്‍ ശരവണനാണ് കൂലിപ്പണി ചെയ്ത് കുടുംബം പുലര്‍ത്തി വരുന്നത്. വീടിന്‍റെ ഒരു വശം മുഴുവന്‍ പുഴയില്‍ പതിച്ചതോടെ താമസിക്കുവാന്‍ സ്ഥലമില്ലാതായ കുടുംബം വിജയന്‍റെ അമ്മയുടെ ഒറ്റ മുറിയിലാണ് താമസിക്കുന്നത്. കഠിനാധ്വാനം കൊണ്ട് പടുത്തുയര്‍ത്തിയതെല്ലാം പ്രതികൂലകാലാവസ്ഥയില്‍ നഷ്ടപ്പെട്ട കുടുംബം ഇനി തുടങ്ങേണ്ടത് ഒന്നില്‍ നിന്ന് എന്ന അവസ്ഥയിലാണ്.
 

click me!