
മൂന്നാര്‍: കൊച്ചി - ധനുഷ് കോടി ദേശീയപാതയില്‍ ദേവികുളം ഭാഗത്തുണ്ടായ മൂന്ന് വ്യത്യസ്ത വാഹനാപകടങ്ങളില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. കണ്ണന്‍ദേവന്‍ കമ്പനി കടലാര്‍ ഈസ്റ്റ് ഡിവിഷനില്‍ ഗണേഷ് കുമാര്‍ (35), സൂര്യനെല്ലി പെരിയ കനാല്‍ എസ്റ്റേറ്റിലെ തൊഴിലാളികളായ സെന്‍ട്രല്‍ ഡിവിഷനില്‍ പി.മണി ( 51), ജെ. ഗാന്ധി (45) ഡ്രൈവര്‍ ആര്‍.ഗോപി (38) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഗുരുതരമായി പരിക്കേറ്റ ജെ ഗാന്ധിയെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ ടാറ്റാ ടീ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരലക്കാണ് ദേവികുളം ബ്ലോക്ക് ഓഫിസിന് സമീപത്തെ വളവില്‍ വച്ച് തിരുവല്ല സ്വദേശികളായ അഞ്ചംഗ സംഘം സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡിന് താഴേക്ക് മറിഞ്ഞത്. കാര്‍ ഓടിച്ചിരുന്ന സ്ത്രീ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഈ അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
തുടര്‍ന്ന് മൂന്ന് മണിയോടെ ലാക്കാട് എസ്റ്റേറ്റിന് സമീപത്ത് വച്ച് പെരിയ കനാലില്‍ നിന്നും പള്ളിവാസലിലേക്ക് തേയില കയറ്റി വന്ന ട്രാക്ടര്‍, കേഴയാട് കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. മൂന്നരയോടെയാണ് ദേവികുളം ഗ്യാപ് റോഡില്‍ വച്ച് കര്‍ണാടക സ്വദേശികളായ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന കാറും കടലാര്‍ സ്വദേശി ഓടിച്ചിരുന്ന കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് ഗണേഷ് കുമാറിന് പരിക്കേറ്റത്. ക്രിസ്മസ് അവധിയെ തുടര്‍ന്ന് തേനിയില്‍ പഠിക്കുന്ന മക്കളെ കൂട്ടികൊണ്ടുവരാന്‍ പോകുകയായിരുന്നു ഗണേഷ് കുമാര്‍.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam