
കൊച്ചി: ഏകമകൻ മരണപ്പെട്ടതിന്റെ വേദനയിൽ നീറി കഴിഞ്ഞിരുന്ന അമ്മ ഒടുവിൽ യാത്രയായി. പുതിയ വീട്ടിൽ താമസം ആരംഭിച്ച് ഒരാഴ്ച പിന്നിടും മുൻപ് വിധി മകനെ തട്ടിയെടുത്തതിന്റെ വേദനയിലായിരുന്നു ലളിത. ശാരീരിക അസ്വസ്ഥതകൾക്ക് പുറമേ മകന്റെ മരണം ലളിതയെ മാനസികമായും തളർത്തിയിരുന്നു. ടിക്കറ്റ് ചോദിച്ചതിന്റെ വൈരാഗ്യത്തിൽ ട്രെയിനിൽ നിന്ന് അതിഥി തൊഴിലാളി തള്ളിയിട്ട് കൊന്ന ടിടിഇ വിനോദിന്റെ അമ്മ എസ് ലളിത അന്തരിച്ചു. മകൻ മരിച്ച് 4 മാസങ്ങൾ പിന്നിടും മുൻപാണ് 67കാരിയായ ലളിതയുടെ അന്ത്യം. പ്രായത്തിന്റേതായ അവശതകൾ നേരിട്ടിരുന്ന ലളിത വിനോദിന്റെ മരണത്തിന് പിന്നാലെ ഭക്ഷണം കഴിക്കാതെ ആയിരുന്നു. ഇത് ശാരീരിക ബുദ്ധിമുട്ടുകൾ കൂട്ടുകയും ചെയ്തിരുന്നു. പരേതനായ ആർ വേണുഗോപാലൻ നായരാണ് ഭർത്താവ്. മകൾ സന്ധ്യ, മരുമകൻ പ്രദീപ് കുമാർ.
തിരുവനന്തപുരം സ്വദേശിയായ വിനോദ്, എറണാകുളം മഞ്ഞുമ്മലിൽ പുതിയ വീട്ടിൽ താമസം തുടങ്ങിയത് ഈ വർഷമായിരുന്നു. മകന്റെ മരണത്തിന് പിന്നാലെ മകളുടെ ഒപ്പമായിരുന്നു ലളിത കഴിഞ്ഞിരുന്നതെങ്കിലും ഇടയ്ക്ക് മഞ്ഞുമ്മലിലെ വിനോദിന്റെ വീട്ടിലേക്ക് എത്തിയിരുന്നു. കഴിഞ്ഞ ഏപ്രിൽ രണ്ടിനായിരുന്നു ടിക്കറ്റ് ചോദിച്ചതിനെ തുടർന്നുണ്ടായ വൈരാഗ്യത്തിൽ അതിഥി തൊഴിലാളി രജനീകാന്ത ടിടിഇ വിനോദിനെ ഓടുന്ന ട്രെയിനിൽ നിന്നും തള്ളിത്താഴെയിട്ടത്.
എറണാകുളം-പട്ന എക്സ്പ്രസിലായിരുന്നു സംഭവം നടന്നത്. റിസർവേഷൻ കോട്ടിൽ ടിക്കറ്റ് പരിശോധനയ്ക്കിടെയായിരുന്നു സംഭവം. തൊട്ടടുത്ത ട്രാക്കിലേക്ക് വീണ വിനോദിന്റെ ശരീരത്തിലൂടെ മറ്റൊരു ട്രെയിൻ കയറിയിറങ്ങുകയായിരുന്നു. തൊട്ടടുത്ത പാളത്തിലേക്ക് തലയിടിച്ചാണ് വിനോദ് വീണത്. ഡീസൽ ലോക്കോ ഷെഡിലെ ടെക്നീഷ്യനായിരുന്നു വിനോദ്. പിന്നീട് 2 കൊല്ലം മുമ്പാണ് ഇദ്ദേഹം ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ടിടിഇ കേഡറിലേക്ക് മാറിയത്. പ്രതിയായ ഒഡിഷ സ്വദേശി രജനീകാന്ത പാലക്കാട് റെയിൽവേ പൊലീസിന്റെ പിടിയിലായിരുന്നു. മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കുന്നംകുളത്തെ ഹോട്ടല്‍ തൊഴിലാളിയാണ് അറസ്റ്റിലായ രജനീകാന്ത.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam