
കോഴിക്കോട്: നഗരത്തിലെ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ആക്രി വസ്തുക്കൾ ശേഖരിക്കുന്നതിന്‍റെ മറവില്‍ മോഷണം നടത്തുന്ന നാടോടി സ്ത്രീകളുടെ സംഘം പിടിയില്‍. ആക്രി വസ്തുക്കള്‍ ശേഖരിക്കാനെത്തുകയും അതിന്റെ മറവിൽ വിവിധ സ്ഥലങ്ങളിൽ നിന്നും സാധനങ്ങൾ കവർച്ച നടത്തി വാഹനങ്ങളിൽ ദൂര സ്ഥലങ്ങളിൽ എത്തിച്ച് വിൽപ്പന നടത്തുകയും ചെയ്യുന്ന സംഘമാണ് പിടിയിലായത്
അമ്പായത്തോട് മിച്ച ഭൂമിയിൽ കോളനിയിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ ശെൽവി എന്ന ആശ , രാസാത്തി , ശാന്തി , ചിത്ര, മങ്കമ്മ എന്നിവരെയാണ് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് കോടതി വളപ്പിൽ സൂക്ഷിച്ചിരുന്ന 800 കിലോയോളം ഇരുമ്പ് കമ്പികൾ മോഷണം പോയതു സംബന്ധിച്ച് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടന്നു വരുന്നുണ്ടായിരുന്നു. അന്വേഷണ ചുമതലയുള്ള ടൗൺ പൊലീസ് ഇൻസ്പെക്ടർ ഉമേഷിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.
സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച് നടത്തിയ അന്വേഷണമാണ് കുറ്റവാളികളെ കണ്ടെത്തുന്നതിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. ടൗൺ സബ്ബ് ഇൻസ്പക്ടർമാരായ ബിജിത്ത് .കെ .ടി, അബ്ദുൾ സലിം വി.വി, മുഹമ്മദ് സബീർ , സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സജേഷ് കുമാർ, അനൂജ്, സുനിത, ജിജി നാരായണൻ, ശ്രീകല സായൂജ്, സുജന നാരായണൻ, ദിവ്യ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam