കോവളത്ത് യുവാവിനെയും വീട്ടമ്മയെയും ആക്രമിച്ച നാല് യുവാക്കള്‍ പിടിയില്‍

By Web TeamFirst Published Dec 16, 2020, 4:11 PM IST
Highlights

വ്യക്തി വൈരാഗ്യത്തിന്‍റെ പേരില്‍ പെയിന്‍റിംഗ് തൊഴിലാളിയെ ജോലിയില്‍ നിന്ന്  ഒഴിവാക്കാന്‍ ആവശ്യപ്പെട്ടത് നിരസിച്ചതോടെയാണ് സംഘം യുവാവിനെ ആക്രമിച്ചത്.

തിരുവനന്തപുരം: കോവളത്ത് യുവാവിനെയും വീട്ടമ്മയെയും ആക്രമിച്ച സംഭവത്തില്‍ നാല് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കോവളം വെളളാറിൽ പെയിന്‍റിംഗ് ജോലിയേർപ്പെട്ടിരുന്ന യുവാവിനെ ജോലിയില്‍ നിന്നും ഒഴിവാക്കാഞ്ഞതിന് വീട്ടുടമയായ യുവാവിനെയും പിന്നീട് തെട്ടടുത്തുള്ള സ്ഥലത്തെ വീട്ടമ്മയെയും ആക്രമിച്ച സംഘത്തിലെ നാലുപേരെയാണ് കോവളം പോലീസ്  അറസ്റ്റ് ചെയ്തത്. കോവളം വെളളാർ ശിവക്ഷേത്രത്തിന് സമീപം താമസിക്കുന്ന സുജിത്തിനെയും വെളളാർ വേടർ കോളനിയിലെ വീട്ടമ്മയെയുമാണ് സംഘം ആക്രമിച്ചത്. രണ്ട് സംഭവങ്ങളിലും ഉൽപ്പെട്ട ആറംഗ സംഘത്തിലെ രണ്ടുപേരെ പോലീസ് നേരത്തെ പിടികൂടിയിരുന്നു.

വെളളാർ അരിവാൾ കോളനിയിലെ വിമൽ മിത്ര(20),വെളളാർ ഒലിപ്പുവിള പൊറ്റ വിള വീട്ടിൽ അമൽ(22),വാഴമുട്ടം കുഴിവിളാകം മേലെ പനനിന്ന വിള വീട്ടിൽ ആകാശ്(18),വാഴമുട്ടം കുഴിവിളാകം മേലെ വീട്ടിൽ അജിത്(20) എന്നിവരെയാണ് കഴിഞ്ഞ ദിവസം കോവളം പൊലീസ് അറസ്റ്റുചെയ്തത്. ആക്രമണം നടത്തിയശേഷം ഒളിവിൽ പോയ പ്രതികളെ നെടുമങ്ങാട് പാലോടുളള ഒളിസങ്കേതത്തിൽ നിന്ന് കോവളം ഇൻസ്‌പെക്ടർ പി.അനിൽകുമാർ, എസ്.ഐ.എസ്. അനീഷ് കുമാർ, സിപിഒ മാരായ ഷിജു, വിനയൻ, ഷൈജു, രാജേഷ് ബാബു, ശ്യാം എന്നിവരുൾപ്പെട്ട സംഘമാണ് അറസ്റ്റ് ചെയ്തത്. 

ഈ കേസിൽ  പ്രതികളായിരുന്ന ജിത്തുലാൽ,വിഷ്ണു എന്നിവരെ പോലീസ് നേരത്തെ അറസ്റ്റുചെയ്തിരുന്നു. രണ്ടാഴ്ച്ചമുമ്പായിരുന്നു സംഭവം. ഇവരുമായി  നേരത്തെ ശത്രുതതയിലായിരുന്ന പെന്റിങ് തൊഴിലാളി ആക്രമണത്തിനിരായ സുജിത്തിന്റെ വീട്ടിൽ പണിയിലേർപ്പെട്ടിരിക്കെ വീടിന് പുറത്തെത്തിയ സംഘം തൊഴിലാളിയെ പുറത്തിറക്കാൻ ആവശ്യപ്പെട്ടു. ജോലിചെയ്യുന്ന ആളെ പുറത്തിറക്കാൻ പറ്റില്ലെന്ന് അറിയിച്ചതോടെ ഇവർ സുജിത്തിനെ  സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നുവെന്ന് കോവളം പൊലീസ് പറഞ്ഞു.

ഇവിടെ നിന്ന് തിരികെ പോകുന്നവഴി പ്രതികള്‍ വീട്ടമ്മയെയും വീട് കയറി ആക്രമിച്ചു.  വീട്ടമ്മയുടെ വീടിന് പുറകിലെ
കുറ്റിക്കാട്ടിൽ ഒത്തുകൂടി പ്രതികൾ  കഞ്ചാവ് വലിക്കുന്ന സംഭവം പോലീസിനെ അറിയിച്ചതിൻറെ പ്രതികാരമായാണ് വീട്ടമ്മയെ  ആക്രമിച്ചതെന്ന്  പൊലീസ് പറഞ്ഞു. ആക്രമണത്തിന് ഇരയായ യുവാവിന്റെയും വീട്ടമ്മയുടെയും പരാതിയെ തുടർന്നാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.

click me!