ഐ ഫോൺ വിൽക്കാനുണ്ടെന്ന് ഒഎല്‍എക്സില്‍ പരസ്യം നല്‍കി തട്ടിപ്പ്

By Web TeamFirst Published Jan 9, 2019, 8:48 PM IST
Highlights

താമരശ്ശേരിയിൽ താമസിക്കുന്ന അസം സ്വദേശി അയിജുൽ ഖാനാണ് തട്ടിപ്പിനിരയായത്.  കരിപ്പൂർ വിമാനത്താവളത്തിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥനെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. 

കോഴിക്കോട്:  താമരശ്ശേരിയിൽ താമസിക്കുന്ന അസം സ്വദേശി അയിജുൽ ഖാനാണ് തട്ടിപ്പിനിരയായത്.  കരിപ്പൂർ വിമാനത്താവളത്തിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥനെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ഉപയോഗിച്ച വസ്തുക്കൾ വിൽക്കുന്ന ഓൺലൈൻ വിപണിയായ ഒഎൽഎക്സില്‍ ഐ ഫോൺ വിൽക്കാനുണ്ടെന്ന് പരസ്യം നൽകിയായിരുന്നു തട്ടിപ്പ്. 
 
നാലായിരം രൂപയ്ക്ക് ഐ ഫോൺ വിൽക്കാനുണ്ടെന്ന പരസ്യം കണ്ടാണ് താമരശ്ശേരി പരപ്പൻപൊയിലിൽ താമസിക്കുന്ന അസം സ്വദേശി താൽപര്യം അറിയിച്ചത്. കരിപ്പൂർ വിമാനത്താവളത്തിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയാണ് പരസ്യം നൽകിയത്. തെളിവായി ആധാർ അടക്കമുള്ള തിരിച്ചറിയൽ രേഖകളും വാട്സ് ആപ് മുഖേന അയച്ചുകൊടുത്തു. 

പണം നൽകിയാൽ രണ്ട് മണിക്കൂറിനുള്ളിൽ ഫോൺ നൽകാമെന്നും അറിയിച്ചു. ഇത് വിശ്വസിച്ച അസം സ്വദേശി ബാങ്ക് അക്കൗണ്ടിലേക്ക് നാലായിരം രൂപ കൈമാറി. ഇതിനുശേഷം ഒഎൽഎക്സ് കമ്പനിയിൽ നിന്നാണ് പരിചയപ്പെടുത്തി മറ്റൊരാളും വിളിച്ചു. പഴയ ഫോണായതിനാൽ ഇൻഷൂർ ചെയ്യാൻ 5100 രൂപ കൂടി ആവശ്യപ്പെട്ടു.

പിന്നീട് സംഘം അയിജുൽ ഖാന്‍റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും എടിഎം കാ‍ർഡിന്‍റെ ചിത്രങ്ങളും വാങ്ങി. തുടച്ചയായി ഒടിപി നമ്പരുകൾ മൊബൈലിലേക്ക് എത്തിയതോടെയാണ് തട്ടിപ്പ് മനസ്സിലായത്. ഒടിപി നമ്പർ നൽകിയില്ലെങ്കിൽ നേരത്തെ നൽകിയ പണം നഷ്ടപ്പെടുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് അയിജുൽ ഖാൻ താമരശ്ശേരി പൊലീസിനെ സമീപിച്ച് തട്ടിപ്പ് സംബന്ധിച്ച പരാതി നൽകി. സംഭവത്തിൽ സൈബർ പൊലീസ് അന്വേഷണം തുടങ്ങി.

click me!