'കടുവയെ പിടിച്ച കിടുവ'; പൊലീസിന്‍റെ പേരിലും തട്ടിപ്പ്, ഒടുവില്‍ കുടുങ്ങി

Published : May 02, 2019, 08:15 PM IST
'കടുവയെ പിടിച്ച കിടുവ'; പൊലീസിന്‍റെ പേരിലും തട്ടിപ്പ്, ഒടുവില്‍ കുടുങ്ങി

Synopsis

പൊലീസിന്‍റെ ബാഡ്ജുകള്‍, യൂണിഫോം, ലെറ്റര്‍ പാടുകള്‍, സീലുകള്‍, പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കേറ്റുകള്‍ എന്നിവ റെയ്ഡില്‍ കണ്ടെത്തി. ഓഫീസ് ഓഫ് ദ ട്രാഫിക്  ട്രെയിന്‍ഡ് പൊലീസ് ഫോഴ്‌സ് എന്ന ബോര്‍ഡ് സ്ഥാപനത്തിന് മുന്നില്‍ സ്ഥാപിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിവന്നത്

കായംകുളം: പൊലീസില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തി വന്ന സംഘത്തെ കായംകുളം പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം കൊല്ലാട് വട്ടക്കുന്നേല്‍ ഷൈമോന്‍ പി പോള്‍, കോട്ടയം ഒളശ ചെല്ലിത്തറ ബിജോയ് മാത്യു, ആലപ്പുഴ കലവൂര്‍ കുളങ്ങയില്‍ മനു, എറണാകുളം പൊന്നാരിമംഗലം പുളിത്തറ മനു ഫ്രാന്‍സിസ്, പത്തനംതിട്ട തീയാടിക്കല്‍ കണ്ടത്തിങ്കല്‍ സോണി തോമസ് എന്നിവരെയാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.

ഇവര്‍ റിക്രൂട്ടമെന്‍റ്  നടത്തി വന്ന ചേരാവള്ളി ആരൂഢത്ത് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന വ്യാജ റിക്രൂട്ട്‌മെന്‍റ്  സ്ഥാപനത്തില്‍ കായംകുളം സി ഐ പി കെ സാബുവിന്‍റെ നേതൃത്വത്തില്‍ കായംകുളം എസ് ഐ ഷാരോണ്‍ അടങ്ങിയ പൊലീസ് സംഘം റെയ്ഡ് നടത്തിയാണ് പ്രതികളെ പിടികൂടിയത്.

പൊലീസിന്‍റെ ബാഡ്ജുകള്‍, യൂണിഫോം, ലെറ്റര്‍ പാടുകള്‍, സീലുകള്‍, പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കേറ്റുകള്‍ എന്നിവ റെയ്ഡില്‍ കണ്ടെത്തി. ഓഫീസ് ഓഫ് ദ ട്രാഫിക്  ട്രെയിന്‍ഡ് പൊലീസ് ഫോഴ്‌സ് എന്ന ബോര്‍ഡ് സ്ഥാപനത്തിന് മുന്നില്‍ സ്ഥാപിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിവന്നത്.

പൊലീസ് വേഷത്തില്‍ വിവിധ റാങ്കുകളില്‍ ഉള്ള ഉദ്യോഗസ്ഥരെന്ന് പറഞ്ഞാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. സിഐക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് സംഘത്തെ പിടികൂടിയത്. കഴിഞ്ഞ വര്‍ഷം ഇവരെ സമാനമായ കേസില്‍ കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷമാണ് കായംകുളം ഒന്നാം കുറ്റിക്ക് തെക്ക് ആരൂഢത്ത് ജംഗ്ഷനില്‍ റിക്രൂട്ട്‌മെന്‍റ് ഏജന്‍സിയുടെ പേരില്‍ തട്ടിപ്പ് നടത്തി വന്നത്. പലരില്‍ നിന്നും ട്രാഫിക്ക് പൊലീസിലും ട്രാഫിക് വാര്‍ഡന്‍ തസ്തികകളിലും ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി ഇവര്‍ പണം തട്ടിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഒരാളിന്‍റെ കയ്യില്‍ നിന്ന് നാലായിരം രൂപ ഈടാക്കിയാണ് തട്ടിപ്പ് നടത്തി വന്നത്. താമരക്കുളം സ്വദേശി സഞ്ചുവിന്‍റെ പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസ് എടുത്തിട്ടുള്ളത്. കായംകുളം ട്രാഫിക്ക് ഇന്‍ചാര്‍ജ് ആയി മുപ്പതിനായിരം രൂപയ്ക്ക് നിയമിക്കാം എന്നാണ് സഞ്ചുവിന് നല്‍കിയ വാഗ്ദാനം.

കേസ് എടുത്ത ശേഷം പത്തോളം പേര്‍ പരാതിയുമായി രംഗത്ത് എത്തിയിട്ടുണ്ട്. തട്ടിപ്പ്, പൊലീസ് യൂണിഫോം ദുരുപയോഗം, ഐ പി സി 420, 465, 471 തുടങ്ങി വിവിധ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇതെങ്ങനെ സഹിക്കും! 24 ദിവസം പ്രായമായ 15,000 താറാവ് കുഞ്ഞുങ്ങൾ കൂട്ടത്തോടെ ചത്തു, പക്ഷിപ്പനിയിൽ നാട്, അടിയന്തര നഷ്ടപരിഹാരം നൽകണം
'കേരളത്തിന്റെ അഭിമാനം'; റോഡില്‍ ശസ്ത്രക്രിയ നടത്തിയ മൂന്ന് ഡോക്ടർമാരെയും ഫോണിൽ വിളിച്ച് അഭിനന്ദിച്ച് ഗവർണർ