
തിരുവനന്തപുരം: നൈജീരിയയിലും സൗദിയിലും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ പ്രതിയെ എറണാകുളത്ത് നിന്നും അറസ്റ്റ് ചെയ്തു. തൈക്കൂടം സിൽവർ സാൻഡ് ഐലന്‍റിൽ ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് താമസിക്കുന്ന ഡോൺ സൈമൺ തോമസ് (57)നെയാണ് വിഴിഞ്ഞം പൊലീസ് സ്ഥലത്തെത്തി പിടികൂടിയത്. വിവിധ സംസ്ഥാനങ്ങിൽ നിന്നുള്ളവരെയടക്കം ഇയാൾ ജോലി വാഗ്ദാനം ചെയ്ത് പറ്റിച്ചെന്നാണ് വിവരം. വെങ്ങാനൂർ സ്വദേശികളായ അരുൺ, അഭിജിത്ത് എന്നിവരുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്.
കഴിഞ്ഞ വർഷമാണ് നൈജീരിയ, സൗദി എയർപോർട്ടുകളിൽ ഗ്രൗണ്ട് സ്റ്റാഫ് ആയി ജോലി നൽകാമെന്ന് വാഗ്ദാനം നൽകി ഇയാൾ പലതവണയായി പണം തട്ടിയത്. 2500 യു.എസ് ഡോളർ ശമ്പളം വാഗ്ദാനം ചെയ്ത് സ്ഥാപനത്തിന്‍റെ പേരിൽ നിയമന ഉത്തരവും നൽകി. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ജോലി ലഭിക്കാതെ വന്നപ്പോഴാണ് പരാതി നൽകിയത്. പ്രതി പിടിയിലായതോടെ തൃശൂരിൽ നിന്നുൾപ്പെടെ നിരവധി പേർ പരാതിയുമായി വിളിക്കുന്നുണ്ടെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു.
Read More... അഞ്ച് പൈസ ചെലവില്ലാതെ മകൾക്ക് റോളർ കോസ്റ്റർ അനുഭവം നല്‍കി അമ്മ; വീഡിയോ വൈറൽ
70 ഓളം പേർ കബളിപ്പിക്കലിന് ഇരയായെന്നാണ് പരാതിക്കാർ ചൂണ്ടിക്കാട്ടി.സോഷ്യൽ മീഡിയ വഴിയും ഫോൺ വഴിയും ബന്ധപ്പെട്ടാണ് പലരും പറ്റിക്കലിന് ഇരയായത്. പ്രതിയുടെ പേരിൽ സംസ്ഥാനത്ത് പലയടങ്ങളിലും സമാനകേസ് ഉള്ളതായി പൊലീസ് പറഞ്ഞു. പല സ്ഥലങ്ങളിലും തട്ടിപ്പ് നടത്തിയ ശേഷം സ്ഥിരമായി ഒരിടത്ത് തങ്ങാതെ പല സ്ഥലങ്ങളിലും മാറി മാറി പോകുകയാണ് രീതി. ഇതര സംസ്ഥാനങ്ങളിലും കേസ് ഉള്ളതിനാൽ അന്വേഷണം മറ്റ് ഏജൻസികളെ ഏൽപ്പിക്കാനാണ് തീരുമാനം.