
കൽപ്പറ്റ: മകന് ഇന്ത്യൻ റെയിൽവേയിൽ ക്ലർക്ക് ജോലി ശരിയാക്കി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പിതാവിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ. പേരൂർക്കട വേറ്റിക്കോണം തോട്ടരികത്ത് വീട്ടിൽ ആർ രതീഷ് കുമാർ (40) ആണ് മേപ്പാടി പോലീസിൻ്റെ പിടിയിലായത്. വാടകവീട്ടിൽ ഒളിവിലായിരുന്ന പ്രതിയെ ബുധനാഴ്ച തമ്പാനൂരിൽ നിന്നാണ് പിടികൂടിയത്. 2023 മാർച്ചിലാണ് റെയിൽവേയിൽ ക്ലർക്ക് ജോലി വാഗ്ദാനം ചെയ്ത് നാലംഗ സംഘം വടുവഞ്ചാൽ സ്വദേശിയിൽ നിന്ന് 11,90,000 രൂപ പല തവണകളായി തട്ടിയെടുത്തത്.
പല തവണ ഫോണിൽ വിളിച്ചും നേരിട്ട് കണ്ടും പരാതിക്കാരനെയും മകനെയും ചെന്നൈയിലേക്ക് വിളിച്ചുവരുത്തിയും വിശ്വാസം നേടിയെടുത്താണ് തട്ടിപ്പ് നടത്തിയത്. കൂടാതെ, റെയിൽവേയുടെ നിയമന ഉത്തരവുകളും (അപ്പോയ്‌മെൻ്റ് ലെറ്ററുകളും) മറ്റ് രേഖകളും കൃത്രിമമായി നിർമ്മിച്ച് അസ്സൽ രേഖയാണെന്ന വ്യാജേന പരാതിക്കാരൻ്റെ മകന് നേരിട്ടും തപാൽ വഴിയും നൽകുകയും ചെയ്തിരുന്നു.
എന്നാൽ ജോലി ലഭിക്കുകയോ പണം തിരികെ ലഭിക്കാതിരിക്കുകയോ ചെയ്തപ്പോഴാണ് 2024 സെപ്തംബറിൽ പിതാവ് മേപ്പാടി സ്റ്റേഷനിൽ പരാതി നൽകുന്നത്. ഈ കേസിൽ നേരത്തെ 2024 ഡിസംബറിൽ ഗീതാറാണി, 2025 ജൂലൈയിൽ വിജീഷ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. രതീഷ് കുമാർ കൂടി പിടിയിലായതോടെ ഈ കേസിൽ ഇനി ഒരാൾ മാത്രമാണ് പിടിയിലാകാനുള്ളത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam