
തിരുവനന്തപുരം: കളിക്കുന്നതിനിടെ ഒന്നര വയസുകാരിയുടെ തലയിൽ സ്റ്റീൽ പാത്രം കുടുങ്ങി. തിരികെ എടുക്കാനാകാതെ ഭയന്ന് നിലവിളിച്ച കുഞ്ഞിന് വിഴിഞ്ഞം ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാർ രക്ഷകരായി. ഇന്ന് വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. വെങ്ങാനൂർ മുട്ടക്കാട് സ്വദേശിയുടെ മകളായ ഒന്നരവയസുകാരിയുടെ തലയിലാണ് പാത്രം കുടുങ്ങിയത്. വീട്ടുകാർ ഇത് എടുക്കാൻ ശ്രമിച്ചെങ്കിലും നടക്കാതായതോടെ വിഴിഞ്ഞം ഫയർ സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.
ഉദ്യോഗസ്ഥർ അരമണിക്കൂറോളം പരിശ്രമിച്ചാണ് സ്റ്റീൽ പാത്രം വളരെ സൂക്ഷ്മതയോടെ കുട്ടിയുടെ കഴുത്തിൽ നിന്നും നീക്കിയത്. വിഴിഞ്ഞം ഫയർ സ്റ്റേഷനിലെ സേനാംഗങ്ങൾ ഹാൻഡ് കട്ടർ ഉപയോഗിച്ച് മുറിച്ച് സ്റ്റീൽ പാത്രം നീക്കുകയും കുഞ്ഞിനെ സുരക്ഷിതമാക്കുകയും ചെയ്തു. യാതൊരുവിധ ആരോഗ്യ പ്രശ്നങ്ങളും ഇല്ലാതെ തന്നെ കുഞ്ഞിനെ രക്ഷപെടുത്തിയെന്നും സന്തോഷവതിയായാണ് വീട്ടുകാർക്കൊപ്പം കുഞ്ഞ് മടങ്ങിയതെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. സ്റ്റേഷൻ ഓഫീസർ പ്രമോദിന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങളാണ് രക്ഷാപ്രവർത്തനം നടത്തിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam