വാഹന സൗകര്യം ഇല്ലാതായി പിന്നാലെ സൗജന്യ മരുന്ന് വിതരണവും നിലക്കുന്നു; ആശങ്കയിൽ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍

Published : Aug 13, 2023, 08:16 AM IST
വാഹന സൗകര്യം ഇല്ലാതായി പിന്നാലെ സൗജന്യ മരുന്ന് വിതരണവും നിലക്കുന്നു; ആശങ്കയിൽ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍

Synopsis

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള സൗജന്യ മരുന്ന്, പഞ്ചായത്തുകളിലെ പിഎച്ച്സികള്‍ വഴിയും നീതി സ്റ്റോറുകള്‍ വഴിയുമാണ് വിതരണം ചെയ്തിരുന്നത്.

പെരിയ: എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്കുള്ള സൗജന്യ മരുന്ന് വിതരണം കാസര്‍കോട് ജില്ലയില്‍ ഭൂരിഭാഗം പഞ്ചായത്തുകളിലും നിലച്ചു. രോഗികള്‍ക്കായി നല്‍കിയിരുന്ന വാഹന സൗകര്യവും ഇല്ലാതായി. പദ്ധതി പൂര്‍ണ്ണമായി നിര്‍ത്താനുള്ള ശ്രമമാണെന്നാണ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ സംശയിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള സൗജന്യ മരുന്ന്, പഞ്ചായത്തുകളിലെ പിഎച്ച്സികള്‍ വഴിയും നീതി സ്റ്റോറുകള്‍ വഴിയുമാണ് വിതരണം ചെയ്തിരുന്നത്.

കാസര്‍കോട് ജില്ലയില്‍ പുല്ലൂര്‍ പെരിയ, കയ്യൂർ ചീമേനി എന്നീ പഞ്ചായത്തുകളില്‍ മാത്രമാണ് ഇപ്പോള്‍ സൗജന്യ മരുന്ന് വിതരണമുള്ളത്. കള്ളാറും കാറഡുക്കയും അടക്കമുള്ള പഞ്ചായത്തുകളില്‍ മരുന്ന് വിതരണം നിര്‍ത്തിയിട്ട് മാസങ്ങളായി. മുളിയാറിലേത് ഈ മാസത്തോടെ നിര്‍ത്തുമെന്ന് അറിയിച്ചതായി ദുരിതബാധിതര്‍ പറയുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാനുള്ള സെല്‍ യോഗം അവസാനമായി ചേര്‍ന്നത് ജനുവരിയിലാണ്. സെല്ലിന്‍റെ ചുമതലയുള്ള മന്ത്രി റിയാസ് ജില്ലയില്‍ എത്തിയിട്ടും യോഗം വിളിച്ചില്ലെന്നാണ് വ്യാപകമാവുന്ന ആക്ഷേപം.

ദുരിത ബാധിതര്‍ക്ക് ചികിത്സയ്ക്ക് പോകാന്‍ സൗജന്യ വാഹമുണ്ടായിരുന്നു. അത് നിലച്ചു. രോഗികൾക്കുള്ള പെന്‍ഷന്‍ മുടങ്ങിയിട്ട് അഞ്ച് മാസം പിന്നിട്ടു. ദേശീയ ആരോഗ്യ ദൗത്യം പദ്ധതി വഴിയായിരുന്നു സൗജന്യ മരുന്ന് വിതരണവും ചികിത്സാ സഹായവും നല്‍കിയിരുന്നത്. 2022 മുതല്‍ ഇത് നിര്‍ത്തിയതോടെ കാസര്‍കോട് വികസന പാക്കേജില്‍ ഉള‍്പ്പെടുത്തി സഹായം നല്‍കാന്‍ തീരുമാനിച്ചു. എന്നാല്‍ ഇതുവരേയും ധനകാര്യ വകുപ്പിന്‍റെ അംഗീകാരം ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെയാണ് പദ്ധതി നിര്‍ത്തിവയ്ക്കാനുള്ള ശ്രമമാണോ ഇതെന്ന് ദുരിതബാധിതർ സംശയിക്കുന്നത്.

നേരത്തെ കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ചികിത്സ സഹായധനം അടക്കം സുപ്രീം കോടതി വിധി നടപ്പാക്കിയില്ലെന്ന് കാട്ടി ഇരകളായവർ നൽകിയ കോടതിയലക്ഷ്യ ഹർജി സുപ്രീം കോടതി തീർപ്പാക്കിയിരുന്നു. ഇരകളുടെ ചികിത്സ സംബന്ധിച്ച് കാര്യങ്ങൾ നിരീക്ഷിക്കാൻ കേരള ഹൈക്കോടതിക്ക് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദ്ദേശം നൽകി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഇതുസംബന്ധിച്ച നടപടികൾ നിരീക്ഷിക്കണം. കൂടാതെ കേസുമായി ബന്ധപ്പെട്ട രേഖകൾ കേരള ഹൈക്കോടതിയിലേക്ക് മാറ്റാനും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിർദ്ദേശം നൽകിക്കൊണ്ടായിരുന്നു തീരുമാനം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ശീവേലി സമയത്ത് മറിഞ്ഞു വീണു, ഗജകേസരി മുല്ലയ്ക്കല്‍ ബാലകൃഷ്ണൻ ചരിഞ്ഞു
ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ