
കോഴിക്കോട്: കോഴിക്കോട് കുണ്ടായിത്തോട് കരിമ്പാടം സ്പെഷ്യല്‍ അങ്കണവാടിയിലെ കുഞ്ഞ് ഹര്‍ഷനെയും ടീച്ചര്‍ ശില്‍പ്പയെയും കാണാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു നേരിട്ടെത്തി. ഭിന്നശേഷിക്കാരെ സംരക്ഷിക്കുക എന്നത് സമൂഹത്തിന്റെയും സര്‍ക്കാരിന്റെയും ഉള്‍പ്പെടെ എല്ലാവരുടെയും ചുമതലയാണ്. അത്തരം കുഞ്ഞുങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ട സഹായം നല്‍കാന്‍ എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്നും മന്ത്രി പറഞ്ഞു. ഹര്‍ഷനു വേണ്ട എല്ലാവിധത്തിലുമുള്ള ശാസ്ത്രീയ പരിചരണവും ഉറപ്പാക്കിയ ശില്‍പ ടീച്ചര്‍ക്കും സ്‌പെഷ്യല്‍ അങ്കണവാടിക്കും എല്ലാ അഭിനന്ദനങ്ങളും മന്ത്രി അറിയിച്ചു.
ഇരു കൈകളും കാലുകളും നിലത്തുകുത്തി മാത്രം നടക്കുമായിരുന്ന ഹര്‍ഷനെ സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ ശില്‍പ്പയുടെ പരിശീലനത്തിലൂടെയും മാതാപിതാക്കളായ ജയക്കുട്ടന്‍, സുനിത എന്നിവരുടെ അകമഴിഞ്ഞ പിന്തുണയിലൂടെയുമാണ് സ്വയം നടക്കാനുള്ള പ്രാപ്തിയിലെത്തിച്ചത്. കുഞ്ഞിക്കാലടിവെക്കുന്ന ഹര്‍ഷന്റെ വീഡിയോ മന്ത്രി ഫേസ്ബുക്കില്‍ പങ്കുവെച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ സാമൂഹ്യസുരക്ഷാ മിഷന് കീഴില്‍ നടപ്പാക്കിയ സ്റ്റേറ്റ് ഇനീഷ്യേറ്റീവ് ഓണ്‍ ഡിസെബിലിറ്റി (എസ്‌ഐഡി) പദ്ധതിയിലെ ചെറുവണ്ണൂര്‍ കരിമ്പാടം സ്‌പെഷ്യല്‍ അങ്കണവാടിയിലാണ് ഹര്‍ഷന്‍ ഇപ്പോള്‍ പഠിക്കുന്നത്.
ഒരു വര്‍ഷത്തെ പരിചരണത്തിലൂടെയും പരിശീലനത്തിലൂടെയുമാണ് മറ്റു കുട്ടികളെപ്പോലെ നിവര്‍ന്നുനില്‍ക്കാനും പരസഹായമില്ലാതെ നടക്കാനും ഹര്‍ഷന് സാധിച്ചത്. സാധാരണ അങ്കണവാടിയിലെ കളിപ്പാട്ടങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കും പുറമെ ശാരീരിക വൈകല്യമുള്ളവര്‍ക്കായി വാക്കര്‍, സ്റ്റിക് സൈക്കിള്‍, നടത്തം പരിശീലിക്കാനുള്ള പാരലല്‍ ബാര്‍, ബാലന്‍സ് ബോര്‍ഡ് തുടങ്ങിയ നിരവധി ഉപകരണങ്ങള്‍ ഇവിടെയുണ്ട്. കോര്‍പ്പറേഷന്‍ മരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.സി രാജന്‍, കൗണ്‍സിലര്‍ എം.പി ഷഹര്‍ബാന്‍, മുന്‍ എംഎല്‍എ വി.കെ.സി മമ്മദ് കോയ, കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ ഉദ്യോഗസ്ഥരായ മുജീബ് റഹ്മാന്‍, റിനീഷ് തിരുവള്ളൂര്‍, മുഹമ്മദ് ഫൈസല്‍ എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam