
മാന്നാര്‍: പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കി നേപ്പാളുകാരന്‍. മാന്നാര്‍ നായര്‍സമാജം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാഥിയായ വിനോദ് അധികാരിയാണ് ബയോളജി സയന്‍സ് വിഭാഗത്തില്‍ മികച്ച വിജയം നേടിയത്.
പത്താം തരത്തിലും മുഴുവന്‍ വിഷയത്തിലും വിനോദ് എ പ്ലസ് നേടിയിരുന്നു. വിജയ മധുരത്തിനൊപ്പം ഒരു ആഗ്രഹവും വിനോദ് പറയുന്നു, ഡോക്ടറാകണം. വിദൂരമല്ലാത്ത സ്വപ്നത്തിലേക്കുള്ള യാത്രയിലാണ് ഈ മിടുക്കനിപ്പോള്‍.
സഹോദരന്‍ വിവേക് അധികാരിയും പത്താം ക്ലാസിലും പ്ലസ് ടുവിനും മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയിരുന്നു. ബെംഗളൂരില്‍ ജികെവികെ കോളജില്‍ അഗ്രികള്‍ച്ചറല്‍ സയന്‍സ് അവസാന വര്‍ഷ വിദ്യാര്‍ഥിയാണ് വിവേക് ഇപ്പോള്‍. വിവേകും മാന്നാര്‍ നായര്‍ സമാജം സ്‌കൂളിലാണ് പഠിച്ചത്.
ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് നേപ്പാളിലെ ഭവലാഗിരി പാര്‍വാട്ട് ജില്ലയില്‍ പോക്കറ പഞ്ചായത്തില്‍ നിന്നെത്തിയ രാമകൃഷ്ണന്‍ അധികാരിയും ഭാര്യ ദേവി അധികാരിയും ഇപ്പോഴും വാടക വീട്ടിലാണ് താമസം. രാത്രികാലങ്ങളില്‍ സെക്യൂരിറ്റി ജോലി ചെയ്താണ് രാമകൃഷ്ണന്‍ കുടുംബം നോക്കുന്നത്.
രാമകൃഷ്ണന് മലയാളം സംസാരിക്കാനും എഴുതുവാനും അറിയാം. കുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തി അവരുടെ ജീവിതം സുരക്ഷിതമാക്കുക എന്ന ലക്ഷ്യമാണ് ഈ മാതാപിതാക്കള്‍ക്കുള്ളത്. ഇതിനെല്ലാം ഈ മലയാള മണ്ണ് കൂടെയുണ്ടാകുമെന്നാണ് അവരുടെ പക്ഷം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam