
തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 370 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ ഒരു മാസം പിന്നിട്ടിട്ടും പ്രതികൾ വലയിലായില്ല. അസിസ്റ്റന്‍റ് എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം ബീഹാറിൽ സന്ദർശനം നടത്തി കഞ്ചാവ് പാഴ്സൽ അയച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. വൈകാതെ സംഘം ഒഡീഷയിലേക്ക് തിരിക്കും.
ഏപ്രിൽ 15നാണ് പട്ന എറണാകുളം എക്സ്പ്രസ്സ് ഇൽ നിന്ന് 11 ചാക്കുകളിൽ ആയി കഞ്ചാവ് പിടികൂടിയത്. എറണാകുളത്ത് നിന്ന് മടങ്ങിയ ട്രെയിനിൽ പാർസൽ ശ്രദ്ധയിൽ പെട്ടതോടെയാണ് ഒരു കോടിയിലധികം വില വരുന്ന കഞ്ചാവ് പിടികൂടിയത്. ജാർഖണ്ഡ് സ്വദേശിയായ മനോജ് ഗാന്ധിയാണ് പാട്നയിൽ നിന്ന് കഞ്ചാവ് പാഴ്സലായി അയച്ചത്. ഒഡീഷയിലെ പ്രകാശ് സാഹുവാണ് പാഴ്സൽ വാങ്ങേണ്ടിയിരുന്നത്. ഇയാൾ പാഴ്സൽ വാങ്ങാതെ വന്നപ്പോഴാണ് കഞ്ചാവ് കേരളത്തിലെത്തിയതെന്നാണ് നിഗമനം.
ബിഹാറിലെ അന്വേഷണം തൃപ്തികരമായിരുന്നുവെന്നും ഉടൻ തന്നെ ഒഡീഷയിലേക്ക് തിരിക്കുമെന്നും അസിസ്റ്റന്‍റ് എക്സൈസ് കമ്മീഷണർ ഗോപകുമാർ അറിയിച്ചു. ഫോനി ചുഴലിക്കാറ്റിനെത്തുടർന്ന് ഒഡീഷ നാശനഷ്ടങ്ങൾ നേരിടുന്നതിനാൽ പോകേണ്ട തീയതിയിൽ തീരുമാനമായിട്ടില്ല. ഒഡീഷയിലെ അന്വേഷമം കൂടി പൂർത്തിയായാലേ സംസ്ഥാനത്തേക്ക് കഞ്ചാവ് കടത്താനുള്ള ശ്രമം ആയിരുന്നോ എന്ന കാര്യത്തിൽ വ്യക്തത വരൂ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam