
ചെങ്ങന്നൂര്‍: വർഷങ്ങളായി തകർന്നു കിടന്നിരുന്ന പഞ്ചായത്ത് റോഡ് പുനർനിർമിക്കാൻ എംഎൽഎ ഫണ്ട് അനുവദിച്ചപ്പോൾ റോഡ് പഞ്ചായത്ത് രജിസ്റ്ററിൽ നിന്നും റോഡ് അപ്രത്യക്ഷമായി. 28 വർഷം മുമ്പ് നിർമിച്ച റോഡാണ് രജിസ്റ്ററിൽ നിന്നും പുറത്തായത്. പുലിയൂർ പഞ്ചായത്ത് അഞ്ചാം വാർഡ് തിങ്കളാമുറ്റത്തെ ഓർക്കോട്-തോട്ടിയാട് ജലധാര ബണ്ട് റോഡാണ് പഞ്ചായത്ത് ആസ്തി രജിസ്റ്ററിൽ നിന്ന് അപ്രത്യക്ഷമായത്.
പടിഞ്ഞാറ് ഭാഗത്ത് റോഡിന്‍റെ സംരക്ഷണ ഭിത്തി പൂർണമായും തകർന്ന് റോഡ് തോട്ടിൽ പതിച്ചതോടെ മഴക്കാലത്ത് തോട്ടിൽ നിന്നും വെള്ളം റോഡ് കവിഞ്ഞ് എതിർ വശത്തെ നെൽ വയലിലേക്ക് ഒഴുകിയെത്തുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. നിലവിൽ റോഡ് പൂർണമായും തകർന്ന നിലയിലാണ്. സംരക്ഷണ ഭിത്തിയടക്കം പുനർനിർമിക്കാനാണ് സജി ചെറിയാൻ എംഎൽഎയുടെ ഫണ്ടിൽ നിന്നു 10 ലക്ഷം രൂപ അനുവദിച്ചത്. എന്നാൽ, കഴിഞ്ഞ ദിവസം ചെങ്ങന്നൂർ ബ്ലോക്കിൽ നിന്ന് റോഡിന്‍റെ എസ്റ്റിമേറ്റ് എടുത്ത ശേഷം റോഡ് ഉൾപ്പെട്ട ആസ്തി രജിസ്റ്ററിന്‍റെ പകർപ്പ് ആവശ്യപ്പെട്ടപ്പോഴാണ് പഞ്ചായത്തിന്‍റെ രജിസ്റ്ററിൽ നിന്ന് റോഡ് അപ്രത്യക്ഷമായത് അറിയുന്നത്.
നിലവിലെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്ന പല റോഡുകളുടെയും അളവ് വിവരങ്ങൾ തെറ്റാണെന്നും ആക്ഷേപമുണ്ട്. നേരത്തെയും പഞ്ചായത്തിൽ നിന്ന് റോഡ് രജിസ്റ്റർ കാണാതായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുൻ എംഎൽഎ ആയിരുന്ന ശോഭനാ ജോർജ് 1994-ൽ ജലധാര പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ മുടക്കിയാണ് തോടിന്‍റെ വശത്തായുള്ള റോഡ് വീതികൂട്ടി നിർമിച്ചത്. സമീപത്തെ വാർഡായ നൂറ്റവൻപാറയിലെ ജനങ്ങളടക്കം ഗ്രാമസഭയിൽ പങ്കെടുക്കാൻ തിങ്കളാമുറ്റത്തെ സ്കൂളിലേക്ക് വരുന്നത് ഈ റോഡിലൂടെയാണ്. പഞ്ചായത്ത് രജിസ്റ്ററിൽ നിന്ന് റോഡിന്‍റെ പേര് പോയിട്ടും സംഭവം വേണ്ടപ്പെട്ടവർ അറിഞ്ഞില്ലായെന്നത് ഗുരുതര വീഴ്ചയാണെന്ന് ആക്ഷേപമുയര്‍ന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam