
ആലപ്പുഴ: അടൂരിലുണ്ടായ ബസ് അപകടത്തിൽ അതിദാരുണമായി കൊല്ലപ്പെട്ട യുവദമ്പതികൾക്ക് നാടിന്‍റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. കഴിഞ്ഞ ദിവസം അടൂരിൽ വച്ചുണ്ടായ അപകടത്തിൽ മരിച്ച നൂറനാട് മുതുകാട്ടുകര ശ്യാം ഭവനത്തിൽ ഗോപാലകൃഷ്ണൻ ശോഭന ദമ്പതികളുടെ മകൻ ശ്യാംകുമാർ (28) , ഭാര്യ ഏഴംകുളം നെടുമൺ കല്ലേത്ത് പുത്തൻപീടികയിൽ സത്യന്‍റെ മകൾ ശിൽപ്പ (26) എന്നിവർക്കാണ് നൂറനാട് ഗ്രാമം കണ്ണീർപൂക്കൾ അർപ്പിച്ച് വിട നൽകിയത്.
ഗൾഫിലായിരുന്ന ശ്യാംകുമാർ അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് അപകടം. ആശുപത്രി ചെക്കപ്പിന് നൂറനാട്ടു നിന്ന് ബൈക്കിലാണ് ഇരുവരും ഏഴംകുളത്തേക്ക് പോയത് .അടൂരിലെ മെഡിക്കൽ സ്റ്റോറിൽ നിന്ന് മരുന്നു വാങ്ങിയ ശേഷം ബൈക്ക് ഇരിക്കുന്ന ഭാഗത്തേക്ക് പോകുന്നതിനിടയിലാണ് നിയന്ത്രണംതെറ്റി വന്ന സ്വകാര്യ ബസ് ഇടിച്ചു വീഴ്ത്തിയത്. ബസിനടിയിൽപെട്ട ഇരുവരും സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് മൂന്ന് വർഷമായി.
സ്വകാര്യ ബസിന്‍റെ അമിത വേഗതയായിരുന്നു അപകടകാരണം. രാവിലെ 11.30 ഓടെ മൃതദേഹങ്ങൾ ശിൽപ്പയുടെ വീടായ ഏഴംകുളത്ത് പൊതുദർശനത്തിന് വച്ച ശേഷമാണ് നൂറനാട്ടേക്ക് എത്തിച്ചത്. നൂറു കണക്കിന് നാട്ടുകാർ തങ്ങളുടെ പ്രിയപ്പെട്ടവരെ ഒരു നോക്ക് കാണാനും അന്ത്യാജ്ഞലി അർപ്പിക്കാനും എത്തിയിരുന്നു. ഇന്ന് വൈകിട്ട് മൂന്നരയോടെ മൃതദേഹങ്ങൾ വീട്ടുവളപ്പിൽ സംസ്കരിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam