ഗാന്ധിജി രക്തസാക്ഷിയായത് ഒക്‌ടോബര്‍ 30-നെന്ന് കോണ്‍ഗ്രസ് ബോര്‍ഡ്, വിവാദമായപ്പോള്‍ നീക്കി!

By Web TeamFirst Published Jan 30, 2023, 1:04 PM IST
Highlights

കോണ്‍ഗ്രസിന്റെ റാന്നി പഴവങ്ങാടി മണ്ഡലം കമ്മിറ്റിയും രക്തസാക്ഷിത്വ ദിനാചരണം നടത്തി. പക്ഷേ, അവര്‍ക്ക് ഗാന്ധിജി വെടിയേറ്റ് പിടഞ്ഞുമരിച്ച ദിവസം ഒന്നു മാറിപ്പോയി!
 

പത്തനംതിട്ട: 1948 ജനുവരി 30-നാണ് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ നാഥുറാം ഗോഡ്‌സെ വെടിവെച്ചു കൊന്നത്. എല്ലാ വര്‍ഷവും ജനുവരി 30-നാണ് രാജ്യം മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിക്കുന്നത്. പതിവുപോലെ ഇത്തവണയും നാടെങ്ങും രക്തസാക്ഷിത്വ ദിനം ആചരിക്കുന്നുണ്ട്. അക്കൂട്ടത്തില്‍,യൂത്ത് കോണ്‍ഗ്രസിന്റെ റാന്നി പഴവങ്ങാടി മണ്ഡലം കമ്മിറ്റിയും രക്തസാക്ഷിത്വ ദിനാചരണം നടത്തി. പക്ഷേ, അവര്‍ക്ക് ഗാന്ധിജി വെടിയേറ്റ് പിടഞ്ഞുമരിച്ച ദിവസം ഒന്നു മാറിപ്പോയി!

ജനുവരി 30 അല്ല, ഒക്‌ടോബര്‍ 30 ആണ് ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം എന്നാണ് കോണ്‍ഗ്രസ് റാന്നി പഴവങ്ങാടി മണ്ഡലം കമ്മിറ്റി പഴവങ്ങാടിയില്‍ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡില്‍ പറയുന്നത്. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ആല്‍ഫിന്റെ നേതൃത്വത്തിലാണ് ജനുവരി 30-ന് ഈ ഫ്‌ളക്‌സ് ബോര്‍ഡ് വെച്ചത്. അവിടെത്തീര്‍ന്നില്ല കഥ, തെറ്റായ തീയതി രേഖപ്പെടുത്തിയ ഫ്‌ളക്‌സ് ബോര്‍ഡിനു മുന്നില്‍ റാന്നി പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അനിത അനില്‍ കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പുഷ്പാര്‍ച്ചനയും നടത്തി.

സംഗതി വിവാദമായതോടെ, സോഷ്യല്‍ മീഡിയയിലടക്കം ഈ ബോര്‍ഡിന്റെ പടം പ്രത്യക്ഷപ്പെട്ടു. വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. അതോടെ, തീയതി മായ്ച്ചു കളഞ്ഞ് ബോര്‍ഡ് വെക്കാന്‍ ശ്രമം നടന്നു. പിന്നീടാവട്ടെ, ആ ബോര്‍ഡ് തന്നെ അപ്രത്യക്ഷമായി.

സംഗതി അച്ചടിപ്പിശകാണ് എന്നാണ്, തെറ്റായ ബോര്‍ഡിനു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയ റാന്നി പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിത അനില്‍കുമാര്‍ ഏഷ്യാനെറ്റ്  ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞത്. ''ഞാനതില്‍ പുഷ്പാര്‍ച്ചന നടത്തിയിരുന്നു. പക്ഷേ തീയതി ശ്രദ്ധിച്ചില്ല. വിവാദമായപ്പോഴാണ് അത് ശ്രദ്ധിച്ചത്. ഫ്‌ളക്‌സിന് വേണ്ടിയുള്ള മാറ്റര്‍ തയ്യാറാക്കുന്നത് പാര്‍ട്ടിയാണ്. യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിപാടിയാണ്. ബോര്‍ഡ് മാറ്റാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. അതുപോലെ സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.''-പഞ്ചായത്ത് പ്രസിഡന്റ് അനിത അനില്‍കുമാര്‍ പറഞ്ഞു.

 

click me!