
താമരശ്ശേരി: അമ്പലമുക്ക് കൂരിമുണ്ടയിൽ പ്രവാസിയുടെ വീട്ടിലെത്തി ലഹരി മാഫിയ ഗുണ്ടാ അക്രമണം നടത്തിയ കേസിൽ രണ്ടു പ്രതികൾ കൂടി പിടിയിലായി
താമരശ്ശേരി ചുടലമുക്ക് കരിങ്ങമണ്ണ സ്വദേശികളായ തേക്കുംതോട്ടം തട്ടൂർ വീട്ടിൽ പൂച്ച ഫിറോസ് എന്ന ഫിറോസ് ഖാൻ (33), മേലെ കുന്നപ്പള്ളി വീട്ടിൽ മോൻട്ടി എന്ന മുഹമ്മദ് ഷാഫി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.പൂച്ച ഫിറോസിനെ ഇന്നലെ രാത്രി കർണാടകയിലെ ഗുണ്ടൽപ്പേട്ടന് സമീപമുള്ള ദൊഡ്ഡദപ്പൂർ എന്ന സ്ഥലത്തെ ഫാം ഹൗസിൽനിന്നും മോൻടി ഷാഫിയെ ചുടലമുക്കിലെ വീട്ടിൽനിന്നുമാണ് സ്പെഷ്യൽ സ്‌ക്വാഡ് പിടികൂടിയത്. മൈസൂരു, ഊട്ടി എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ ശേഷം ഗുണ്ടൽപേട്ടിലെ ഫാം ഹൗസിൽ എത്തുമ്പോഴാണ് പിടിയിലായത്.
ഫിറോസിന്‍റെ ഭാര്യ സഹോദരനാണ് ഷാഫി. ഇതോടെ ലഹരി മാഫിയ ഗുണ്ടായിസകേസിൽ പത്ത് പേർ അറസ്റ്റിലായി. മുഖ്യ പ്രതി കുടുക്കിലുമ്മാരം കയ്യേലികുന്നുമ്മൽ ചുരുട്ട അയ്യുബ് എന്ന അയ്യൂബ്ബ് (35), മാനിപുരം വട്ടങ്ങാംപൊയിൽ അഷറഫ് വി.കെ (32), മാനിപുരം കോളിക്കെട്ടി കുന്നുമ്മൽ മഹേഷ് കുമാർ ( 44), കളരാന്തിരി ലക്ഷം വീട് വെളുത്തേടത്ത് ചാലിൽ സനൂപ് (24) എന്നിവർ കഴിഞ്ഞ വ്യാഴാഴ്ച പിടിയിലായിരുന്നു.
അമ്പലമുക്ക് കൂരിമുണ്ടയിൽ പ്രവാസിയായ മൻസൂറിന്‍റെ വീടിനോട് ചേർന്ന് അയ്യൂബ് 10 സെന്‍റ് സ്ഥലം വാങ്ങി അവിടെ ലഹരി ഉപയോഗത്തിനും ലഹരി കച്ചവടത്തിനും വേണ്ടി ഉപയോഗിച്ചത് എതിർത്തതിനാണ് ലഹരി മാഫിയാ സംഘം കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം മൻസൂറിന്‍റെ വീട്ടിലെത്തി ആക്രമണം അഴിച്ചുവിടുകയും വാഹനങ്ങൾ തകർക്കുകയും ചെയ്തത്. താമരശ്ശേരി പോലീസിന്‍റെ ജീപ്പ് ഉൾപ്പെടെ തകർക്കുകയും ഒരു നാട്ടുകാരനെ വെട്ടുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഫോർട്ട് കൊച്ചി സ്വദേശി ഷക്കീർ , കൂടത്തായി കരിങ്ങമണ്ണ വിഷ്ണുദാസ് ,കെ.കെ.ദിപീഷ്, റജീന എന്നിവർ പിടിയിലായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam