
തിരുവനന്തപുരം: ചിറയിൻകീഴ് ശാർക്കര പുതുക്കരിയിൽ വീടുകൾക്ക് നേരെ സ്ഫോടക വസ്തു എറിഞ്ഞ കേസിലെ പ്രതികൾ അറസ്റ്റിൽ. മേനംകുളം സ്വദേശികളായ രജിത്ത് (33), കിരൺ (29), അജീഷ് (37), കീഴാറ്റിങ്ങൽ നെടിയവിള സ്വദേശി വൈഷ്ണവ് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ മുൻ മെമ്പറായ ബീജ സുരേഷിൻ്റെ വീടിന് നേർക്കും ഈ വീടിന് സമീപത്തുള്ള ശാർക്കര പുതുക്കരിയിൽ വിജയന്‍റെ വീടിന് നേർക്കുമാണ് കഴിഞ്ഞ ദിവസങ്ങളിൽ പ്രതികൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞത്. ഹെൽമറ്റും റെയിൻകോട്ടും ധരിച്ച് ആണ് ഇവർ എത്തിയത്. സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ കുടുക്കിയത്. സംഭവത്തിൽ ഇരു വീടുകൾക്കും നാശനഷ്ടങ്ങളുണ്ടായി.
വിജയനുമായുള്ള വസ്തു തർക്കത്തെ തുടർന്ന് വിദേശത്തുള്ള സതീശൻ എന്നയാൾ നൽകിയ ക്വട്ടേഷൻ പ്രകാരമാണ് പ്രതികൾ സ്ഫോടകവസ്തു എറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. വീട് മാറിയാണ് ആദ്യം മുൻ പഞ്ചായത്ത് അംഗത്തിൻ്റെ വീട്ടിലേക്ക് ആക്രമണം നടത്തിയതെന്നും പ്രതികൾ മൊഴി നൽകി. തിവനന്തപുരം റൂറൽ എസ് പി പ്രശാന്തന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പി അജിചന്ദ്രൻ നായരുടെ നേതൃത്വത്തിൽ ചിറയിൻകീഴ് എസ്.എച്ച്.ഒ അഭിലാഷ്, എസ്.ഐ അൻസർ, ജി.എസ്.ഐ ശ്രീകുമാർ, സനിൽ കുമാർ, സി.പി.ഒമാരായ ബിനു, രാംനാഥ്, ശ്രീജിത്ത്,അഭിലാഷ്, വിഷ്ണു എന്നിവരാണ് വങ്കാളംമുക്കിലെ വീട്ടിൽ ഒളിവിൽ കഴിഞ്ഞ പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam