
അമ്പലപ്പുഴ: ഗ്യാസ് സിലിണ്ടറില്‍ ഘടിപ്പിച്ച റെഗുലേറ്റര്‍ തകരാറിലായതോടെ പാചകവാതകം ചോർന്ന് തീപിടിച്ചു. വീട്ടുകാരുടെ സമയോചിത ഇടപെടലിലൂടെ വൻ ദുരന്തം ഒഴിവായി. പുന്നപ്ര തെക്ക് അഞ്ചാം വാർഡ് പൂക്കൈത ആറുതീരത്ത് ചന്ദ്രമംഗലം വീട്ടിൽ ശിവദാസിന്‍റെ വീട്ടിലായിരുന്നു അപകടം.
വെള്ളിയാഴ്ച പുലർച്ചെ 5.30 ഓടെയായിരുന്നു സംഭവം. അടുക്കളയിലെ വിറക് അടുപ്പ് കത്തുന്നതിനിടെ, സിലിണ്ടറിൽ ഘടിപ്പിച്ചിരുന്ന റെഗുലേറ്ററിന്റെ അടിഭാഗത്തുകൂടി വാതകം ചോരുകയായിരുന്നു. തുടർന്നാണ് തീപിടിച്ചത്. ശിവദാസും മകന്‍ സുമേഷും ചേർന്ന് റെഗുലേറ്റർ അടക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഈ സമയം സിലിണ്ടറും സ്റ്റൗവും തമ്മിൽ ബന്ധിപ്പിച്ച പൈപ്പിനും തീപിടിച്ചു. അടുക്കളക്കുള്ളിൽ തീ ഉയർന്നതോടെ ഇരുവരും ചേർന്ന് സിലിണ്ടർ അടുക്കളയുടെ പുറത്തെത്തിച്ച് തീ അണക്കുകയായിരുന്നു.
അടുക്കളയിലുണ്ടായിരുന്ന പാത്രങ്ങളും പാത്രങ്ങള്‍ സൂക്ഷിച്ചിരുന്ന കിച്ചൻ ട്രാക്കും കത്തിനശിച്ചു. കൂടാതെ സ്റ്റൗ, വയറിംഗ്, ബൾബുകൾ എന്നിവക്കും കേടുപാടുകൾ സംഭവിച്ചു. തീ അണക്കാൻ ശ്രമിക്കുന്നതിനിടെ ശിവദാസിനും ഭാര്യ പൊന്നമ്മക്കും മകൻ സുമേഷിനും പൊള്ളലേറ്റു. മുഖത്ത് പൊള്ളലേറ്റ സുമേഷും പൊന്നമ്മയും ചെമ്പുംപുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.
മലപ്പുറത്ത് പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്തു. വീടിന് തീപിടിച്ചാണ് പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചത്. മലപ്പുറം അരീക്കോട് കുനിയിൽ ഹൈദ്രോസിന്‍റെ വീട്ടിൽ കഴിഞ്ഞ ദിവസം അർധരാത്രിയാണ് അപകടം നടന്നത്. തീപിടിത്തം ശ്രദ്ധയിൽപ്പെട്ടതോടെ കുടുംബത്തെ വീട്ടില്‍ നിന്ന് മാറ്റിയിരുന്നു. വലിയൊരു അപകടത്തിൽ നിന്ന് കുടുംബം രക്ഷപ്പെട്ടു. മുക്കം അഗ്നിരക്ഷാ സേന എത്തി തീയണച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam