
തിരുവനന്തപുരം: നിയന്ത്രണം തെറ്റി 25 അടി താഴ്ചയുള്ള ചതുപ്പിലേക്ക് വീണ ബൈക്ക് യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പൊലീസിന്‍റെയും ഫയർഫോഴ്സിന്‍റെയും സമയോചിത ഇടപെടലാണ് കെ.എസ്.ആർ.ടി.സി ജീവനക്കാരന് പുതുജീവൻ നല്‍കിയത്. ഇന്നലെ രാത്രി അമരവിള റെയില്‍ ലെവൽ ക്രോസിന് സമീപം ആണ് സംഭവം.
കെ.എസ്.ആർ.ടി.സി ജീവനക്കാരനായ 45 കാരൻ ബൈജു ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. റോഡിലൂടെ പോകുമ്പോള്‍ ബൈക്കിന്റെ നിയന്ത്രണം തെറ്റി ചതുപ്പിലേക്ക് പതിക്കുകയായിരുന്നു. അലക്ഷ്യമായി കിടന്ന ബൈക്ക് രാത്രി ഇതുവഴി പോയ പൊലീസ് പട്രോളിംഗ് സംഘം കാണാൻ ഇടയായി. തുടർന്ന് നടത്തിയ പരിശോധനയിലാണ് ബൈജു കുഴിയിൽ അകപ്പെട്ടത് മനസിലാകുന്നത്.
പൊലീസ് സംഘം ഫയർഫോഴ്സിന്‍റെ സേവനം തേടി. നെയ്യാറ്റിന്‍കര ഫയർ സ്റ്റേഷനിൽ നിന്ന് ഗ്രേഡ് അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ രാജശേഖരൻ നായരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തി. തുടർന്ന് ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ എസ് അനി റോപ്പിന്റെ സഹായത്താൽ ചതുപ്പിലേക്കിറങ്ങി, അവശനായി കിടന്ന ബൈജുവിനെ, സുരക്ഷിതമായി വലയ്ക്കുള്ളിൽ ആക്കി മുകളിലേക്ക് കയറ്റി.
പ്രഥമ ശുശ്രൂഷ നൽകി ബൈജുവിനെ 108 ആംബുലൻസിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയില്‍ എത്തിച്ചു. ഫയർ ഓഫീസർമാരായ വി എസ് സുജൻ, അരുൺ എം സി, ധനേഷ്, ഹരീഷ്, ഹോം ഗാർഡ് ബാബുരാജ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
അർധ രാത്രിയിൽ വീടിന് തീപിടിച്ച് പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam