
കൊല്ലം: ചടയമംഗലത്ത് ബാങ്കില്‍ ക്യൂ നില്‍ക്കുന്നവര്‍ക്ക് പിഴയിട്ട പൊലീസ് നടപടി ചോദ്യം ചെയ്ത ഗൗരിനന്ദയ്ക്ക് പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം. കടയ്ക്കല്‍ ഹയര്‍സെക്കന്‍ററി സ്കൂളില്‍ പ്ലസ് ടു കോമേഴ്സ് വിദ്യാര്‍ത്ഥിയായിരുന്നു ഗൗരിനന്ദ. ബാങ്കില്‍ ക്യൂനിന്നവര്‍ക്ക് പിഴ നല്‍കിയ പൊലീസിനെ വിറപ്പിച്ച് ചടയമംഗലം സ്വദേശി പതിനെട്ടുകാരി ഗൗരിനന്ദയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പിന്നീട് ഗൗരിനന്ദയ്ക്കെതിരെ ചടയമംഗലം പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ഔദ്യോഗിക ജോലി തടസ്സപ്പെടുത്തിയതിന് കേസ് എടുത്തിരുന്നു.
പ്ലസ്ടു കോമേഴ്സില്‍ ഒരു എപ്ലസ് അടക്കം 747 മാര്‍ക്കാണ് ഗൗരിനന്ദ നേടിയത്. അടുത്തതായി സിഎയ്ക്ക് പോകാനാണ് താല്‍പ്പര്യമെന്ന് ഗൗരിനന്ദ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. പൊലീസല്ലേ, പ്രശ്നമാകും, മാപ്പ് പറഞ്ഞ് തീര്‍ത്തേക്ക് എന്നൊക്കെ പലരും ഉപദേശിച്ചെങ്കിലും നിയമപരമായി നേരിടാനായിരുന്നു ഗൗരിയുടെ തീരുമാനം. എന്നാല്‍ തന്നെ വിളിച്ച വനിത കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ തന്‍റെ പേരിലുള്ള ജാമ്യമില്ല വകുപ്പ് റദ്ദാക്കിയതായി അറിയിച്ചിരുന്നുവെന്ന് വ്യക്തമാക്കി. അതേ സമയം സംഭവത്തിന് ശേഷം പൊലീസിന്‍റെ ഭാഗത്ത് നിന്നും ഇതുവരെ ഒരു അന്വേഷണവും ഉണ്ടായിട്ടില്ലെന്നും ഈ പെണ്‍കുട്ടി പറയുന്നു.
ഗൗരിനന്ദയുടെ പിതാവ് അനില്‍കുമാറിന് കൂലിപ്പണിയാണ്. അമ്മ സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റാണ്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ അനുജനുമുണ്ട്. പൊലീസ് ഉദ്യോഗസ്ഥന്‍ അപമാനിച്ചെന്നും അന്യായമായി പിഴ ചുമത്തിയെന്നും ആരോപിച്ച് ഗൗരി യുവജന കമ്മിഷന് പരാതി നല്‍കിയിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ 11 മണിക്ക് ചടയമംഗലത്തെ സ്വകാര്യ ബാങ്കിന് സമീപമാണ് കേരളം ചര്‍ച്ച ചെയ്ത സംഭവങ്ങള്‍ ഉണ്ടായത്. അമ്മയ്‌ക്കൊപ്പം ആശുപത്രിയില്‍ പോയ ശേഷം എ.ടി.എമ്മില്‍ നിന്ന് പണമെടുക്കാന്‍ ബാങ്കിന് മുന്നിലെത്തിയതായിരുന്നു ഗൗരിനന്ദ. തിരിച്ചിറങ്ങിയപ്പോള്‍ പൊലീസ് ആളുകള്‍ക്ക് മഞ്ഞ പേപ്പറില്‍ എന്തോ എഴുതി കൊടുക്കുന്നു. ഒരാളോട് കാര്യം തിരക്കിയപ്പോള്‍ സാമൂഹ്യഅകലം പാലിക്കാത്തതിന് പിഴ അടയ്ക്കാനുള്ള പൊലീസിന്റെ നോട്ടീസ് കാണിച്ചു.
ഇതിന്‍റെ കാര്യം തിരക്കിയപ്പോള്‍ മോശമായ ഭാഷയിലായിരുന്നു പൊലീസുകാരന്റെ പ്രതികരണമെന്ന് ഗൗരിനന്ദ പറയുന്നു. ഇതോടെ ഗൗരി ശബ്ദമുയര്‍ത്തി. തര്‍ക്കം അരമണിക്കൂറോളം നീണ്ടു. ആളുകള്‍ തടിച്ചുകൂടി. പെണ്ണല്ലായിരുന്നെങ്കില്‍ കാണിച്ചുതരാമെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതോടെയാണ് താന്‍ രൂക്ഷമായി പ്രതികരിച്ചത് എന്നാണ് ഗൗരി പറയുന്നത്. അതിനിടയില്‍ ആരോ പകര്‍ത്തിയ വീഡിയോ വൈറലായി, താന്‍ വീട്ടിലെത്തിയ ശേഷമാണ് ഈ വീഡിയോ വൈറലാകുന്ന കാര്യം അറിഞ്ഞത് എന്നാണ് ഗൗരി പറയുന്നത്.
അതേ സമയം ഗൗരിക്കെതിരെ കേസ് എടുത്ത പൊലീസ് നടപടി സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ പ്രതിഷേധമാണ് ഉണ്ടാക്കിയത്. കൊവിഡ് നിയന്ത്രണങ്ങളിലെ അശാസ്ത്രീയതയും പൊലീസ് നടപടികളും ചോദ്യം ചെയ്ത് രംഗത്തെത്തുന്ന പലരും ഗൌരിയുടെ നടപടിയെ അഭിനന്ദിക്കുകയാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam