
വാളയാർ: പാലക്കാട് വാളയാറിൽ ലൈസൻസില്ലാതെ കടത്താൻ ശ്രമിച്ച വൻ സ്ഫോടക വസ്തു ശേഖരം പിടികൂടി. ചരക്ക് ലോറി ഡ്രൈവർ കോയമ്പത്തൂർ സ്വദേശി മണികണ്ഠനെ പൊലീസ് അറസ്റ്റ് ചെയ്തു. പതിവ് വാഹന പരിശോധനയ്ക്കിടെയാണ് തമിഴ്നാട് രജിസ്ട്രേഷൻ ചരക്കു ലോറി വാളയാ൪ സിഐയുടെയും സംഘത്തിൻറെയും ശ്രദ്ധയിൽപെട്ടത്. ചെക്ക് പോസ്റ്റും കടന്ന് റോഡരികിൽ നി൪ത്തിയിട്ടിയിരിക്കുകയായിരുന്നു ലോറി.
ലോറിക്കരികിൽ പൊലീസ് എത്തിയപ്പോൾ ഡ്രൈവ൪ ഇറങ്ങിയോടാൻ ശ്രമിച്ചു. ലോഡിന് മുകളിലെ ടാ൪പ്പായ മാറ്റിയപ്പോൾ പഴങ്ങളും പച്ചക്കറികളും കൊണ്ടുവരുന്ന ഒഴിഞ്ഞ പ്ലാസ്റ്റിക് പെട്ടികൾ മാത്രം. പച്ചക്കറി ഇറക്കി തിരികെ വരികയാണെന്നായിരന്നു ഡ്രൈവർ വിശദമാക്കിയത്. എന്നാൽ ഇയാളുടെ പെരുമാറ്റത്തിൽ പന്തികേട് തോന്നി കാലിപ്പെട്ടികളെല്ലാം ഇറക്കിയപ്പോഴാണ് ഉദ്യോഗസ്ഥർ ഞെട്ടിയത്.
200 കടലാസു പെട്ടികളിലായി 25400 ജലാറ്റിൻ സ്റ്റിക്കുകളും 12 പെട്ടികളിലായി 1500 ഡിറ്റനേറ്റുകളുമായിരുന്നു ലോറിയിലുണ്ടായിരുന്നത്. സേലത്ത് നിന്നും പാലക്കാട്ടെ ക്വാറികളിലേക്കായിരുന്നു സ്ഫോടക വസ്തുക്കളെത്തിച്ചതെന്നാണ് ഡ്രൈവറുടെ മൊഴി. വെള്ളിയാഴ്ച വൈകീട്ടോടെയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ആർക്ക് വേണ്ടിയാണ് സ്ഫോടക വസ്തുക്കളെത്തിച്ചതെന്ന കാര്യം വിശദമായ ചോദ്യം ചെയ്യലുകൾക്ക് ശേഷമേ വ്യക്തമാവൂവെന്ന് പൊലീസ് വിശദമാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം