വയനാട്ടില്‍ ക്വാറന്റീന്‍ ലംഘിച്ച് കറങ്ങി യുവാക്കൾ; കുടുക്കി ജിയോഫെന്‍സിങ്, പിന്നാലെ കേസ്

By Web TeamFirst Published Jun 7, 2020, 7:19 PM IST
Highlights

സൈബര്‍ സെല്ലിന്റെ ജിയോഫെന്‍സിങ് സംവിധാനം വഴിയാണ് ഇവര്‍ ഹോം ക്വാറന്റീന്‍ ലംഘിച്ചതായി കണ്ടെത്തിയത്. കര്‍ണാടകയില്‍ നിന്നെത്തി ഹോം ക്വാറന്റീനില്‍ കഴിയാനുള്ള നിര്‍ദേശം യുവാക്കള്‍ ലംഘിക്കുകയായിരുന്നു. 

കല്‍പ്പറ്റ: വിദേശ രാജ്യങ്ങള്‍ക്ക് പുറമെ ഇതരസംസ്ഥാനങ്ങളില്‍ നിന്നുകൂടി ആളുകള്‍ തിരിച്ചെത്തി തുടങ്ങിയതോടെ ക്വാറന്റീന്‍ സംവിധാനം ഒരുക്കുന്നതടക്കമുള്ള ഭാരിച്ച ഉത്തരവാദിത്തങ്ങളാണ് അധികൃതര്‍ക്കുള്ളത്. എന്നാല്‍ നിരീക്ഷണത്തിലാക്കിയാലും ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ചിലരെങ്കിലും തയ്യാറാകാത്തത് വെല്ലുവിളിയാകുകയാണ്. ഇത്തരത്തില്‍ നിരവധി കേസുകളാണ് ഒരു മാസത്തിനിടെ വയനാട്ടിലുണ്ടായത്. ക്വാറന്റീന്‍ ലംഘിച്ചതിന് നൂല്‍പ്പുഴ സ്റ്റേഷനില്‍ ശനിയാഴ്ച നാലുകേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 

മാക്കുറ്റി സ്വദേശി അഴിപ്പുറത്ത് വീട്ടില്‍ നിപു എ. സുരേന്ദ്രന്‍ (27), ചീരാല്‍ സ്വദേശി ദിനേശ് (28), ചെറുമട് സ്വദേശി മരവടവില്‍ വീട്ടില്‍ ജിത്യാ മുകുന്ദ് (28), കുടുക്കി സ്വദേശി നമ്പ്യാര്‍വീട്ടില്‍ എ. അക്ഷയ് (21) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. സൈബര്‍ സെല്ലിന്റെ ജിയോഫെന്‍സിങ് സംവിധാനം വഴിയാണ് ഇവര്‍ ഹോം ക്വാറന്റീന്‍ ലംഘിച്ചതായി കണ്ടെത്തിയത്. കര്‍ണാടകയില്‍ നിന്നെത്തി ഹോം ക്വാറന്റീനില്‍ കഴിയാനുള്ള നിര്‍ദേശം യുവാക്കള്‍ ലംഘിക്കുകയായിരുന്നു. 

അതേസമയം, കൊവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന 209 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. രോഗം സ്ഥിരീകരിച്ച് 16 പേര്‍ മാനന്തവാടി ജില്ല ആശുപത്രിയിലും രണ്ടുപേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലുമാണ് ചികിത്സയില്‍ കഴിയുന്നത്. പുതുതായി നിരീക്ഷണത്തിലായ 189 പേരും ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള 24 പേരും ഉള്‍പ്പെടെ നിലവില്‍ 3691 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി ജില്ലയില്‍ നിന്നും ആകെ 2620 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. ഇതില്‍ ഫലം ലഭിച്ച 2065 ല്‍ 2058 നെഗറ്റീവും ഏഴ് പോസിറ്റീവുമാണ്. 555 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട് ഇനിയും ലഭിക്കാനുണ്ട്.

click me!