മഴക്കെടുതി; ഭൗമശാസ്ത്ര വിദഗ്ധര്‍ ജില്ല സന്ദര്‍ശിക്കുമെന്ന് ഇടുക്കി കളക്ടര്‍

By Web TeamFirst Published Sep 2, 2019, 10:38 AM IST
Highlights

മഴക്കെടുതിയില്‍പ്പെട്ട് ഭീതിയിലായ കുടുംബങ്ങള്‍ക്ക് ആശ്വാസമായി കട്ടപ്പന ടൗണ്‍ ഹാളില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പില്‍ ഇപ്പോള്‍ 12 കുടുംബങ്ങളില്‍ നിന്നായി 33 പേര്‍ സുരക്ഷിതരായി കഴിയുന്നു.

ഇടുക്കി: മഴക്കെടുതിയില്‍ നാശനഷ്ടമുണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി ഭൗമശാസ്ത്ര വിദഗ്ധര്‍ ഉടന്‍ ഇടുക്കിയിലെത്തുമെന്ന് ജില്ലാ കളക്ടർ എച്ച്.ദിനേഷൻ. കേന്ദ്ര ഭൗമ ശാസ്ത വിദഗ്ധര്‍ അടുത്ത ദിവസം ജില്ലയിലെത്തും. തവളപ്പാറ മേഖല സന്ദര്‍ശിച്ച ശേഷം നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്യാമ്പ് നിവാസികളെ  വീടുകളിലേക്ക്  മടക്കി അയയ്ക്കുന്ന കാര്യം തീരുമാനിക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

കട്ടപ്പന ടൗണ്‍ഹാള്‍ ക്യാമ്പ് ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച ശേഷമാണ് ജില്ലാ കളക്ടര്‍ എച്ച്.ദിനേശനും ഇടുക്കി തഹസില്‍ദാര്‍ വിന്‍സെന്റ് ജോസഫും ഇക്കാര്യം അറിയിച്ചത്.  മഴക്കെടുതിയില്‍പ്പെട്ട് ഭീതിയിലായ കുടുംബങ്ങള്‍ക്ക് ആശ്വാസമായി കട്ടപ്പന ടൗണ്‍ ഹാളില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പില്‍ ഇപ്പോള്‍ 12 കുടുംബങ്ങളില്‍ നിന്നായി 33 പേര്‍ സുരക്ഷിതരായി കഴിയുന്നു. ഇതില്‍ ആറു കുട്ടികളുമുണ്ട്.  2013-ലും പിന്നീട് ഈ വര്‍ഷവും ഉരുള്‍പൊട്ടലുണ്ടായ തവളപ്പാറ മേഖലയിലുള്ളവരാണ് ക്യാമ്പില്‍ കഴിയുന്നത്. ക്യാമ്പ് അംഗങ്ങള്‍ക്കായി എല്ലാ സൗകര്യവും ടൗണ്‍ ഹാളില്‍ ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകുന്നതിനും സൗകര്യമുണ്ട്.

കട്ടപ്പന വില്ലേജ് ഓഫീസര്‍ ജയ്‌സന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ റവന്യൂ ജീവനക്കാര്‍ അംഗങ്ങള്‍ക്ക് സഹായവുമായി രാവും പകലും പ്രവര്‍ത്തിക്കുന്നു . ക്യാമ്പിലെ അംഗങ്ങള്‍ക്കായി ഭക്ഷണം തയാറാക്കുന്നതിന് പ്രത്യേക പാചകക്കാരനെയും നിയോഗിച്ചിട്ടുണ്ട്. കൂടാതെ ഇടവിട്ട് ദിവസങ്ങളില്‍ വൈദ്യ പരിശോധനയും ഏര്‍പ്പാടാക്കിയിട്ടുണ്ട്.

click me!