
കോട്ടപ്പടി: മലപ്പുറത്ത് ട്രാൻസ്‌ഫോർമറിന് മുകളിൽ കുടുങ്ങിയ പെരുമ്പാമ്പിനെ രക്ഷപ്പെടുത്തി. കോട്ടപ്പടി വലിയവരമ്പിലെ കെഎസ്ഇബി ട്രാൻസ്‌ഫോർമറിന് മുകളിലാണ് പെരുമ്പാമ്പ് കയറിയത്. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. വലിയവരമ്പ് ബൈപ്പാസിലെ ട്രാൻസ്‌ഫോർമറിന് മുകളിലാണ് ഉച്ചയോടെ പെരുമ്പാമ്പിനെ നാട്ടുകാർ കണ്ടത്.
ബൈപ്പാസിന് സമീപം ഒഴിഞ്ഞ പാടമാണ്. ഇവിടെ മഴ പെയ്ത് വെള്ളം നിറഞ്ഞിട്ടുണ്ട്. ഒഴുകിയെത്തിയ മഴയിൽ പാമ്പ് ജനവാസ മേഖലയിലെത്തിയതെന്ന് കരുതുന്നു. പാമ്പ് ട്രാൻസ്‌ഫോർമറിന് മുകളിലായതിനാൽ നാട്ടുകാർക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല. ഇതോടെയാണ് കെ.എസ്.ഇ.ബി അധികൃതരെ വിവരമറിയിച്ചത്. തുടർന്ന് പാമ്പുപിടുത്ത വിദഗ്ധരെത്തി പെരുമ്പാമ്പിനെ പിടികൂടുകയായിരുന്നു.
ക്രെയിനിൽ കയറിയാണ് പാമ്പുപിടുത് വിദഗ്ധൻ പെരുമ്പാമ്പിനെ ചാക്കിലാക്കിയത്. വനം വകുപ്പിന് കൈമാറിയ പാമ്പിനെ വനത്തിൽ എത്തിച്ച് തുറന്നുവിട്ടു. പ്രദേശത്ത് മുമ്പും പെരുമ്പാമ്പിനെ പിടികൂടിയിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
Read More :ഉയർന്ന തിരമാല, കള്ളക്കടൽ; കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്, ജാഗ്രത വേണം