
വയനാട് ജില്ലാ റവന്യൂ കലോത്സവത്തിൽ ഭരതനാട്യത്തിനിടെ വിദ്യാർത്ഥിനിയുടെ കാലിൽ ആണി തറച്ചതായി പരാതി. ഹൈസ്കൂൾ വിഭാഗം ഭരതനാട്യ മത്സരത്തിനിടെയാണ് കണിയാമ്പറ്റ ഗവ എച്ച്.എസ്.എസിലെ എട്ടാം ക്ലാസുകാരിയായ അനന്യ ദിപീഷിന്‍റെ കാലിൽ ആണി തറച്ചതെന്നാണ് പരാതി. ആണി തറച്ചതിന് ശേഷവും കുട്ടി ഭരതനാട്യം കളിച്ചു പൂർത്തിയാക്കി. പിന്നീട് പൊലീസ് വാഹനത്തിൽ കുട്ടിയെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുപോയി പ്രാഥമിക ചികിത്സ നൽകി.
തന്റെ കാലിൽ തറച്ചത് സ്റ്റേജിലെ ആണിയാണെന്നാണ് കുട്ടിയുടെ ആരോപണം. എന്നാൽ കുട്ടിയുടെ ചമയവുമായി ബന്ധപ്പെട്ട ആണിയാകാം തറച്ചതെന്നും, വേദിയിൽ നിന്ന് ആണി തറിക്കാൻ സാധ്യതയില്ലെന്നുമാണ് സംഘാടകർ പറയുന്നത്. രണ്ട് വർഷം മുമ്പ് കുച്ചുപ്പുടിയിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാര്‍ത്ഥിനിയാണ് അനന്യ. കൊവിഡ് നിയന്ത്രണങ്ങളില്ലാതെ വിവിധ ജില്ലകളിലായി സ്കൂള്‍ കലോത്സവങ്ങള്‍ നടക്കുകയാണ് നിലവില്‍.
കഴിഞ്ഞ ദിവസം നടന്ന ആലപ്പുഴ റവന്യൂ ജില്ലാ കലോത്സവത്തിൽ കൃത്രിമക്കാലുമായി വേദിയില്‍ നിറഞ്ഞാടിയ ദേവിക ദീപക് മോഹിനിയാട്ടത്തില്‍ മിന്നും താരമായിരുന്നു. യു പി വിഭാഗം മോഹിനിയാട്ടത്തില്‍ കായംകുളം സെന്‍റ് മേരീസ് ജി എച്ച് എസ് എസിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥി ദേവികയാണ് പരിമിതികള്‍ അവഗണിച്ച് മത്സരത്തില്‍ മാറ്റുരച്ചത്. വിദ്യാഭ്യാസ ഉപഡയറക്ടറുടെ പ്രത്യേക അനുമതി വാങ്ങിയാണ് ദേവിക മത്സരിച്ചത്. പരിമിതികളെ മറികടന്ന് വേദിയില്‍ നിന്ന് എ ഗ്രേഡും സ്വന്തമാക്കിയാണ് ദേവിക മടങ്ങിയത്.
നവംബര്‍ അവസാന വാരം നടന്ന പാലക്കാട് ജില്ലാ കലോത്സവത്തില്‍ വ്യാപക പരാതികളാണ് ഉയര്‍ന്നത്. വിധി നിർണയത്തെ ചൊല്ലി തര്‍ക്കവും പ്രതിഷേധവും പാലക്കാട് പതിവായിരുന്നു. മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് വിധി നിര്‍ണ്ണയം നടത്തിയതെന്നും വിധികര്‍ത്താക്കള്‍ക്ക് യോഗ്യതയില്ലെന്നും ആരോപിച്ച് രക്ഷിതാക്കള്‍ വിധികര്‍ത്താക്കളെ തടയുന്നതിലേക്ക് വരെ പാലക്കാട് കലോത്സവം നീണ്ടിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam