
അടുത്തിടെയായി സോഷ്യൽ മീഡിയയിൽ വിദ്യാർത്ഥികളുടെ ജനാധിപത്യ ബോധവും രാഷ്ട്രീയ ബോധവുമെല്ലാം പലപ്പോഴും ചർച്ചകളിൽ നിറയാറുണ്ട്. സ്കൂൾ ലീഡർ തെരഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ കരഞ്ഞുകൊണ്ട് വേദിയിലേക്ക് കടന്നുവന്ന സേതുമാധവനായിരുന്നു അടുത്തിടെ സോഷ്യൽ മീഡിയ ഏറ്റെടുത്ത താരം. തൃശൂർ കാഞ്ഞിരശ്ശേരി ഗാന്ധി മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂളിലെ ലീഡറായി തിരഞ്ഞെടുക്കപ്പെട്ട സേതുമാധവന്റെ വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു. നാലാം ക്ലാസുകാരനായ സേതുമാധവനെ വോട്ടെടുപ്പിലൂടെ വിദ്യാർത്ഥികൾ വിജയപ്പിച്ചപ്പോൾ ആനന്ദ കണ്ണീരണിഞ്ഞായിരുന്നു പ്രതികരണം. അപ്രതീക്ഷിതമായുണ്ടായ ജയത്തിലെ സന്തോഷത്തിലാണ് താൻ കരഞ്ഞതെന്നാണ് സേതുമാധവന്റെ പ്രതികരണം. എന്തായാലും ഇത്തരം വീഡിയോകൾ സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
ഇപ്പോഴിതാ അത്തരത്തിൽ ഒരു മിടുക്കി കുട്ടിയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. സ്കൂൾ ലീഡർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന്റെ ഭാഗമായി ഒരു പെൺകുട്ടി നടത്തുന്ന തീപ്പൊരി പ്രസംഗത്തിന്റെ വീഡിയോ ആണ് വൈറലായിരിക്കുന്നത്. കണ്ണംകോട് ടിപിജി മെമ്മോറിയല്‍ യുപി സ്‌കൂളിലെ വിദ്യാര്‍ഥിനിയായ ശ്രീനന്ദ സിസിയാണ് ഈ പെണ്‍കുട്ടിയെന്നാണ് വീഡിയോ പങ്കുവച്ച ഗ്രൂപ്പുകൾ പറയുന്നത്.
Read more: 'പാട്ടുറാലി, പാട്ടുവണ്ടി, ബൈക്ക് റാലി'; മുഹമ്മദ് റഫിക്ക് ഭാരതരത്നം, ആവശ്യമുയർത്തി സംഗീതാസ്വദകരുടെ കാമ്പയിൻ
'ഞാൻ ഏഴാം ക്ലാസിലെ പെൺകുട്ടിയാണ്. ഞാൻ ഇവിടെ സ്കൂൾ ലീഡറായി വന്നാൽ അച്ചടക്കം പാലിച്ച് സ്കൂളിനെ നല്ല രീതിയിൽ നയിക്കുമെന്ന് ഞാൻ പറയുന്നു. സ്കൂളിനെ വൃത്തിയായും അച്ചടക്കത്തോടെയും നോക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. മറ്റൊരു കാര്യം പറയാനുള്ളത്, ചില മാഷൻമാർ പിടി പിരീഡിൽ വന്ന് ക്ലാസെടുക്കാൻ ശ്രമിക്കാറുണ്ട്. അത് പൂർണമായും തെറ്റാണ് അതിവിടെ നടക്കൂല്ല. നമ്മുടെ പിടി പിരീഡിൽ കളിക്കാനുള്ള ഫുട്ബോൾ, ക്രിക്കറ്റ്, ഷട്ടിൽ എന്നിവ വാങ്ങിത്തരണം. അത് സ്കൂളിന്റെ ഉത്തരവാദിത്തമാണ്. ബുധനാഴ്ച അധ്യാപകരും യൂണിഫോം ഇടണം. ചിലർ പച്ച ചുരിദാർ, പച്ച ചെരുപ്പ് എല്ലാം ധരിച്ച് വരുന്നു. ചില മാഷൻമാർ ബ്രാൻഡഡ് ഷൂ ബ്രാൻഡഡ് ഡ്രസ് എന്നിവ ധരിച്ചു വരുന്നു ഇത് വിദ്യാർത്ഥികളെ മാനസികമായി വേദനിപ്പിക്കുന്നുണ്ട്. കാരണം ഞങ്ങൾക്കും ആ അവസരം കിട്ടേണ്ടതാണ്. ഇതെല്ലാം ഞാൻ നിങ്ങൾക്ക് വേണ്ടി ചെയ്ത് തരുമെന്ന് ഉറപ്പു തരുന്നു'- എന്നുമായിരുന്നു പെൺകുട്ടിയുടെ പ്രസംഗത്തിന്റെ ഉള്ളടക്കം. അതേസമയം, കുട്ടിയുടെ ഓരോ വാഗ്ദാനങ്ങൾക്കും വൻ കയ്യടിയാണ് വിദ്യാർത്ഥികൾ നൽകിയത്. പേന അടയാളത്തിലാണ് കൊച്ചുമിടുക്കി വോട്ട് തേടുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam