വസ്ത്രത്തിൽ തീ കത്തി നിലവിളിച്ച് പെൺകുട്ടി; തീനാളങ്ങൾക്ക് വിട്ട് നൽകാതെ ജീവൻ രക്ഷിച്ച് 'കിടിലം ഫിറോസ്'

By Web TeamFirst Published Apr 9, 2022, 6:19 PM IST
Highlights

ജോലി കഴിഞ്ഞ് മടങ്ങവേ ഒരു പെൺകുട്ടിയുടെ നിലവിളി കേട്ടാണ് ഫിറോസ് സംഭവ സ്ഥലത്തെത്തിയത്. വസ്ത്രത്തിൽ തീപിടിച്ച് കരയുന്ന ഒരു പെൺകുട്ടി വീട്ടിൽനിന്നും പുറത്തേക്ക് ഓടുന്ന കാഴ്ചയാണ് ഫിറോസ് കണ്ടത്

തിരുവനന്തപുരം: പൊലീസുകാരുടെയും അഗ്നി ശമന സേനാംഗങ്ങളുടെയും സാഹസിക രക്ഷാ പ്രവർത്തനം പലപ്പോഴും വാ‍ർത്താ കോളങ്ങളിൽ ഇടം പിടിക്കാറുണ്ട്. അത്തരത്തിൽ ഒരു വാർത്തയാണ് കേരള പൊലീസ് തന്നെ അവരുടെ ഫേസ്ബുക്ക് പേജിലൂടെ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. വടക്കേക്കാട് പൊലീസ് സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫീസർ ഫിറോസിന്‍റെ രക്ഷാ പ്രവർത്തന അനുഭവമാണ് കേരള പൊലീസ് എഫ് ബി പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. ജോലി കഴിഞ്ഞ് മടങ്ങവേ ഒരു പെൺകുട്ടിയുടെ നിലവിളി കേട്ടാണ് ഫിറോസ് സംഭവ സ്ഥലത്തെത്തിയത്. വസ്ത്രത്തിൽ തീപിടിച്ച് കരയുന്ന ഒരു പെൺകുട്ടി വീട്ടിൽനിന്നും പുറത്തേക്ക് ഓടുന്ന കാഴ്ചയാണ് ഫിറോസ് കണ്ടത്. രക്ഷാപ്രവർത്തനത്തിനായി ഫിറോസ് നോക്കിയപ്പോൾ സമീപത്ത് ഒന്നും കണ്ടുകിട്ടിയില്ല. ആദ്യം ഒന്ന് പരിഭ്രമിച്ചെങ്കിലും വസ്ത്രത്തിൽ തീ പിടിച്ച കുട്ടിയെ ധൈര്യപൂർവ്വം എടുത്ത് ഫിറോസ് മുറ്റത്തേക്ക് ഓടി. നിലത്ത് കിടത്തി ഉരുട്ടി. കയ്യിലുണ്ടായിരുന്ന ബാഗുകൊണ്ട് കുട്ടിയുടെ ദേഹത്തെ തീയണക്കാൻ ശ്രമിച്ചു. അൽപ്പനേരത്തെ പരിശ്രമത്തിനൊടുവിൽ തീയണഞ്ഞു. അങ്ങനെ കുട്ടിയുടെ ജീവൻ രക്ഷിച്ചെടുക്കുകയായിരുന്നു യുവ പൊലീസ് ഉദ്യോഗസ്ഥൻ. ഫിറോസിന്‍റെ സാഹസിക രക്ഷാപ്രവർത്തന വിവരം പങ്കുവച്ചുകൊണ്ട് കേരള പൊലീസ് സാക്ഷ്യപ്പെടുത്തുന്നത് 'കിടിലം ഫിറോസ്' എന്നാണ്.

സംഭവത്തെ കുറിച്ചുള്ള കേരള പൊലീസിന്‍റെ എഫ് ബി കുറിപ്പ് ഇങ്ങനെ

തീനാളങ്ങൾക്ക് വിട്ട് നൽകാതെ പെൺകുട്ടിയുടെ ജീവൻ രക്ഷിച്ച കിടിലം ഫിറോസ്.
വടക്കേക്കാട് പൊലീസ് സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫീസർ ഫിറോസ് പി.എ ഡ്യൂട്ടി കഴിഞ്ഞു മടങ്ങുന്ന വേളയിലാണ് ആ നിലവിളി കേട്ടത്. വസ്ത്രത്തിൽ തീപിടിച്ച് കരയുന്ന ഒരു പെൺകുട്ടി വീട്ടിൽനിന്നും പുറത്തേക്ക് ഓടുന്ന കാഴ്ച. രക്ഷാപ്രവർത്തനത്തിനായി നോക്കിയപ്പോൾ സമീപത്ത് ഒന്നും കാണുന്നുമുണ്ടായിരുന്നില്ല. പെട്ടെന്ന് ഒന്ന് പരിഭ്രമിച്ചെങ്കിലും ആ  കുട്ടിയെ എടുത്ത് ഫിറോസ് മുറ്റത്തേക്ക് ഓടി. നിലത്ത് കിടത്തി ഉരുട്ടി. കയ്യിലുണ്ടായിരുന്ന ബാഗുകൊണ്ട്  കുട്ടിയുടെ ദേഹത്തെ തീയണക്കാൻ ശ്രമിച്ചു. അൽപ്പനേരത്തെ പരിശ്രമത്തിനൊടുവിൽ തീയണഞ്ഞു. 
ഉടൻ തന്നെ സമീപവാസിയായ ഒരാളുടെ കാറിൽ കയറ്റി കുട്ടിയെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അപകടനില തരണം ചെയ്ത കുട്ടി ഇപ്പോൾ സുഖം പ്രാപിച്ചു വരുന്നു. വീട്ടിൽ  പ്രായമായ അമ്മൂമ്മയും അപ്പൂപ്പനും മാത്രമാണ് ഉണ്ടായിരുന്നത്. കുട്ടിയുടെ ശരീരമാസകലം ആളിക്കത്തുന്ന തീ കണ്ട് അവർക്ക് പ്രതികരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ദൂരെ മാറി നിന്ന് അവരും കരയുകയായിരുന്നു. കത്തിച്ചുവെച്ച നിലവിളക്കിൽ നിന്നും അബദ്ധത്തിലാണ് കുട്ടിയുടെ വസ്ത്രത്തിലേക്ക് തീ പടർന്നത്. ആളിക്കത്തിയ തീയുമായി അവൾ അലറിക്കരഞ്ഞ് പുറത്തേക്കോടുകയായിരുന്നു. ഗത്യന്തരമില്ലാതെ അമ്മൂമ്മയും അപ്പൂപ്പനും പകച്ചു നിൽക്കുമ്പോഴാണ് അതുവഴി ഫിറോസ് എത്തുന്നത്.
സുരക്ഷയുടെയും കരുതലിന്റെയും സാന്നിധ്യങ്ങളായ  ഓരോ പൊലീസുദ്യോഗസ്ഥനുമുണ്ടായിരിക്കും ഇത്തരം അനുഭവങ്ങൾ..
മരണമുഖത്തുനിന്നും ആ  പെൺകുട്ടിയുടെ ജീവൻ രക്ഷിച്ച സിവിൽ പോലീസ് ഓഫീസർ ഫിറോസിന് അഭിനന്ദനങ്ങൾ.

 

click me!