
ചെങ്ങന്നൂര്‍: ബൈക്ക് യാത്രക്കാരന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് സ്വർണ്ണമാല കവർന്ന രണ്ടംഗ സംഘമാണ് ചെങ്ങന്നൂരിൽ പൊലീസ് പിടിയിലായത്. ആറന്മുള സ്വദേശി ലിജു, ചെങ്ങന്നൂർ കാരയ്ക്കാട് സ്വദേശി അഖിൽ എന്നിവരാണ് അറസ്റ്റിലായത്. ചെങ്ങന്നൂർ പെണ്ണുക്കര സ്വദേശി ഗണേഷ് കരുണാകരൻ നായരെ ആക്രമിച്ച് ഒൻപതര പവൻറെ സ്വർണ്ണമാല തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.
ചൊവ്വാഴ്ച രാത്രി 10ന് പെണ്ണുക്കര-പളളിമുക്ക് റോഡിലായിരുന്നു കവർച്ച. ചെങ്ങന്നൂർ ടൗണിൽ നിന്ന് ഭക്ഷണം വാങ്ങി മടങ്ങുകയായിരുന്ന ഗണേഷിനെ പെണ്ണുക്കര മാർത്തോമ്മ പളളിയുടെ സമീപംവെച്ച് ബൈക്കിൽ പിൻതുടർന്നെത്തിയ സംഘം റോഡിനുകുറുകെ തടഞ്ഞു നിർത്തി. ഗണേശിന്റെ കൈയ്യിൽ പതിച്ചിരിക്കുന്ന ടാറ്റു എവിടെയാണ് ചെയ്തതെന്ന് ചോദിച്ചശേഷം പ്രതികൾ കൈയ്യിൽ കരുതിയ മുളകുപൊടി മുഖത്തുവിതറി ഗണേശിനെ മർദിച്ചു. കവർച്ചയ്ക്ക് ശേഷം പ്രതികൾ ബൈക്കിൽ രക്ഷപെട്ടു.
മാല പറിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ ഗണേശിന്റെ കഴുത്ത് മുറിഞ്ഞിരുന്നു. ഗണേശ് സഞ്ചരിച്ച വഴികളിലെ സി സി ടി വി ക്യാമറ ദൃശ്യങ്ങൾ നോക്കിയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ലിജുവിനെ കൊല്ലത്തുനിന്നും അഖിലിനെ ചെങ്ങന്നൂരിൽ നിന്നുമാണ് പിടികൂടിയത്. പ്രതികൾ മാല ചെങ്ങന്നൂരിലെ ഒരു ജ്വല്ലറിയിൽ ഒരുലക്ഷത്തി അറുപതിനായിരം രൂപയ്ക്ക് വിൽപന നടത്തി. ബൈക്കും തൊണ്ടിമുതലും പൊലീസ് കണ്ടെത്തി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam