
മലപ്പുറം: 25 വർഷം മുമ്പ് നഷ്ടപ്പെട്ട മാല ഒരിക്കലും തിരിച്ചുകിട്ടില്ലെന്ന് ഉറപ്പിച്ചപ്പോഴും വർഷങ്ങൾക്കിപ്പുറം ഒരു ട്വിസ്റ്റ് ഉണ്ടാകുമെന്ന് ഉടമ മാത്രമല്ല ആരും കരുതിയിട്ടുണ്ടാവില്ല. 25 വർഷം മുമ്പ് നഷ്ടപ്പെട്ട നാലര പവൻ സ്വർണമാല തൊഴിലുറപ്പ് തൊഴിലാളികൾക്ക് ലഭിക്കുകയും തിരികെ ഉടമയുടെ കയ്യിലെത്തിയതും ഭാഗ്യം എന്ന് തന്നെ പറയണം. മലപ്പുറം - പെരിന്തൽമണ്ണ റോഡിൽ രാമപുരം സ്കൂൾപടി കല്ലറ കുന്നത്ത് കോളനിക്ക് സമീപമുള്ള പിലാപ്പറമ്പ് ക്വാറിയിൽ നിന്നാണ് പരിസരവാസിയായ മച്ചിങ്ങൽ മുഹമ്മദിന്റെ ഭാര്യ ആമിനയുടെ സ്വർണമാലയാണ് തിരികെ കിട്ടിയത്.
ഏകദേശം 25 വർഷം മുമ്പ് വസ്ത്രം അലക്കുന്നതിനിടെയാണ് മാല നഷ്ടപ്പെട്ടത്. അന്ന് ഏറെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെ പുഴക്കാട്ടിരി പഞ്ചായത്ത് ഒന്നാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ ജോലിക്കിടെ കൈകാലുകൾ കഴുകാൻ ക്വാറിയിലെത്തിയപ്പോഴാണ് ഈ അപ്രതീക്ഷിത കണ്ടെത്തൽ. ക്വാറിയുടെ ഒരു വശത്ത് ചെറിയൊരു തിളക്കം കണ്ട് പരിശോധിച്ചപ്പോൾ സ്വർണമാല കണ്ടെത്തുകയായിരുന്നു. വർഷങ്ങൾക്ക് മുമ്പ് ആമിനയുടെ സ്വർണമാല ക്വാറിയിൽ നഷ്ടപ്പെട്ട വിവരം തൊഴിലാളികൾക്ക് അറിയാമായിരുന്നു. ഉടൻ തന്നെ അവർ മാലയുമായി ആമിനയുടെ വീട്ടിലെത്തി. ആമിന സ്വർണമാല തിരിച്ചറിയുകയും ചെയ്തു. പവന് അയ്യായിരം രൂപ മാത്രം വിലയുണ്ടായിരുന്ന കാലത്താണ് ഈ നാലര പവൻ മാല നഷ്ടപ്പെട്ടത്. ഇപ്പോൾ ലക്ഷങ്ങൾ മൂല്യമുള്ള സ്വർണാഭരണം കാൽ നൂറ്റാണ്ടിന്റെ കാത്തിരിപ്പിന് ശേഷം തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ആമിനയും കുടുംബവും. തൊഴിലുറപ്പ് തൊഴിലാളികളുടെ സത്യസന്ധതയെ നാട്ടുകാർ അഭിനന്ദിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam