
കൊച്ചി: സ്വർണ തരികൾ അടങ്ങിയ മണ്ണ് നൽകാമെന്ന പേരിൽ കൊച്ചിയിൽ തട്ടിപ്പ്. തട്ടിപ്പ് നടത്തിയ നാല് ഗുജറാത്ത് സ്വദേശികൾ കൊച്ചിയിൽ പിടിയിലായി. സന്ദീപ് ഹസ്മുഖ്, വിപുൾ മഞ്ചി, ധർമ്മേഷ്, കൃപേഷ് എന്നിവരെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. അരകോടി രൂപയാണ് തമിഴ്നാട് സ്വദേശികളായ സ്വർണ പണിക്കാരിൽ നിന്നും ഇവർ തട്ടിയെടുത്തത്. 5 ടൺ മണ്ണാണ് ഇവർ തമിഴ്നാട് സ്വദേശികൾക്ക് വിറ്റത്.
പാലാരിവട്ടം നോര്‍ത്ത് ജനതാ റോഡില്‍ കെട്ടിടം വാടകക്കെടുത്തായിരുന്നു തട്ടിപ്പ്. സ്വര്‍ണാഭരണ ഫാക്ടറിയില്‍ നിന്നും ശേഖരിച്ച സ്വര്‍ണ തരികള്‍ അടങ്ങിയ മണ്ണാണെന്ന് ഇവർ തമിഴ്നാട് സ്വദേശികളായ സ്വർണ പണിക്കാരെ വിശ്വസിപ്പിച്ചു. അഞ്ഞൂറോളം ചാക്കുകളില്‍ നിറച്ചു വച്ചിരുന്ന മണ്ണില്‍ നിന്നും തമിഴ്‌നാട് സ്വദേശികളെ കൊണ്ട് അഞ്ചു കിലോ സാമ്പിള്‍ എടുപ്പിച്ചു. പ്രതികള്‍ പ്രത്യേകം തയ്യാറാക്കിയിരുന്ന ടേബിളിന് മുകളില്‍ വച്ചിരുന്ന ത്രാസ്സിലേക്ക് സാംപിള്‍ മണ്ണ് അടങ്ങിയ കിറ്റ് വച്ച് തൂക്കം നോക്കി.
ഈ സമയം ടേബിളിനടിയില്‍ ഒളിച്ചിരുന്ന പ്രതികളിലൊരാള്‍ ടേബിളിലും ത്രാസ്സിലും നേരത്തെ സൃഷ്ടിച്ചിരുന്ന ദ്വാരത്തിലൂടെ സിറിഞ്ച് ഉപയോഗിച്ച് മണ്ണ് നിറച്ച കിറ്റിലേക്ക് സ്വര്‍ണ ലായനി ഇന്‍ഞ്ചക്ട് ചെയ്തു. ആദ്യം വാങ്ങിയ സാംപിള്‍ മണ്ണില്‍ നിന്നും സ്വര്‍ണം ലഭിച്ച തമിഴ്‌നാട് സ്വദേശികള്‍ പ്രതികള്‍ക്ക് 50 ലക്ഷം രൂപയും രണ്ടു ചെക്കുകളും നല്‍കി 5 ടണ്‍ മണ്ണ് വാങ്ങി.
സാംപിളായി എടുത്ത മണ്ണില്‍ നിന്നും സാധാരണ ലഭിക്കുന്നതിലും കൂടുതല്‍ അളവില്‍ സ്വർണം ലഭിച്ചപ്പോൾ സ്വർണ പണിക്കാർക്ക് സംശയം തോന്നി. തുടർന്ന് പാലാരിവട്ടം പൊലീസിനെ സമീപിക്കുകയായിരുന്നു. സ്ഥലത്തു നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam