
മാവേലിക്കര: വള്ളികുന്നത്ത് വീട്ടിൽ മോഷണം. മോഷ്ടാവ് 6 പവൻ സ്വർണ്ണാഭരണങ്ങൾ കവർന്നു. കഴിഞ്ഞ വെള്ളിയാഴ്ച്ച പുലർച്ചെ 3 മണിയോട് കൂടിയാണ് സംഭവം നടന്നത്. വള്ളികുന്നം പടയണി വെട്ടം ഗണേശ് ഭവനത്തിൽ സുകുമാരൻ നായരുടെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ പിന്നിലെ അടുക്കളയുടെ വാതിലിനോട് ചേർന്നുള്ള ജനാലയുടെ കൊളുത്ത് ഇളക്കിയാണ് മോഷ്ടാവ് അകത്ത് കടന്നതെന്ന് ഗൃഹനാഥൻ പറയുന്നു.
ഗൃഹനാഥന്റെ കിടപ്പുമുറിയിൽ ഹാൾവഴിയെത്തിയ മോഷ്ടാവ് മുറിയിലുണ്ടായിരുന്ന അലമാരയുടെ വാതിലുകൾ തുറന്ന് ഇതിനുള്ളിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ കവരുകയായിരുന്നു. മകനു വിവാഹത്തിനു സംഭാവനയായി ലഭിച്ച 6 മോതിരവും, 2 ചെയിനുകളുമാണ് നഷ്ടമായത്. ശബ്ദം കേട്ടുണർന്ന ഗൃഹനാഥനെ കണ്ട് മോഷ്ടാവ് ഹാളിൽ കൂടിയിറങ്ങി അടുക്കള വാതിൽ വഴി രക്ഷപ്പെട്ടു. വീടിനു പിന്നിൽ സൂക്ഷിച്ചിരുന്ന മൂന്ന് ഇരുചക്രവാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തിയിരുന്നു.
വീട്ടുകാർ ഉടൻ തന്നെ വള്ളികുന്നം പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചതിനെ തുടർന്ന് എസ് ഐ ഷൈജു ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. പിന്നീട് ആലപ്പുഴയിൽ നിന്നുമെത്തിയ വിരലടയാള വിദഗ്ധർ പരിശോധന നടത്തി. അന്വേഷണം ഊർജ്ജിതമാക്കിയതായി വളളികുന്നം എസ് ഐ ഷൈജു ഇബ്രാഹിം പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam