
കൊച്ചി : കൊച്ചി നഗരത്തിൽ വീണ്ടും ഗുണ്ടാ ആക്രമണം. തിരക്കേറിയ ജംഗ്ഷനിൽ വെച്ച് ഫോർട്ട് കൊച്ചി സ്വദേശി ഗ്രാഫിനെ പൊക്കൻ ബിപിൻ എന്ന പേരിൽ അറിയപ്പെടുന്ന ബിബീഷ് തലക്കടിച്ച് വീഴ്ത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം വൈകീട്ടാണ് പരമാര ജംഗ്ഷൻ പരിസരത്ത് വെച്ച് സംഭവം ഉണ്ടായത്. ഫോർട്ട് കൊച്ചി സ്വദേശി ഗ്രാഫിനെയാണ് ഇയാൾ ആക്രമിച്ചത്. സുഹൃത്തുക്കളായിരുന്ന ഇരുവരും ക്രിമിനൽ പശ്ചാത്തലമുള്ളവരാണ്. കൊച്ചി നഗരത്തിലെ പല സ്റ്റേഷനുകളിലുമായി ഗ്രാഫിനെതിരെ 10 കേസുകളും ബിബീഷിനെതിരെ ഒൻപത് കേസുകളും പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അടുത്തകാലത്തായി ഇവർ തമ്മിൽ ചില തർക്കങ്ങൾ ഉണ്ടായി. പരമാര ജംഗ്ഷനിലെ ഒരു വീടിന്‍റെ പരിസരത്ത് ഗ്രാഫിൻ നിൽക്കുമ്പോഴാണ് ബിബീഷെത്തി വാക്ക് തർക്കം ഉണ്ടായത്. പ്രകോപനമായതോടെ പട്ടിക എടുത്ത് ബിബീഷ് ഗ്രാഫിന്റെ തലയ്ക്കടിച്ചു.
സ്ലാബിന് മുകളിലേക്ക് വീണ ഗ്രാഫിന്‍റെ തലയ്ക്കാണ് പരിക്ക് പറ്റിയത്. പരിക്കേറ്റ ഗ്രാഫിനെ ബിബീഷ് തന്നെയാണ് ആദ്യം നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അവിടെ നിന്നാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോയത്. 52 വയസ്സുണ്ട് ഗ്രാഫിന്. വധശ്രമത്തിനാണ് നോർത്ത് പൊലീസ് ബിബീഷിനെതിരെ കേസെടുത്തിരിക്കുന്നത്. നഗരത്തിലെ സ്ഥിരം പ്രശ്നക്കാരനാണ് ബിബീഷെന്ന് പൊലീസ് പറഞ്ഞു. ചെറുകിട കച്ചവടക്കാരെ ഭീഷണിപ്പെടുത്തി പിരിവ് തട്ടിച്ചെടുക്കുന്നതാണ് ഇയാളുടെ രീതി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam