
തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് അമൃത ജ്വല്ലറിയില്‍ മോഷണം നടത്തിയ പ്രതികള്‍ പിടിയില്‍. ജ്വല്ലറിയില്‍ മോഷണം നടന്ന് ഒരാഴ്ചക്കകമാണ് പ്രതികള്‍ വലയിലായത്. പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കൊല്ലം ചവറ സ്വദേശി സ്വദേശി നജീബ്, പ്രായപൂര്‍ത്തിയാകാത്ത മൂന്ന് കുട്ടികള്‍ എന്നിവരാണ് അറസ്റ്റിലായത്.
ജനുവരി 27ന് ആയിരുന്നു നെടുമങ്ങാട് അമൃത ജ്വല്ലറിയില്‍ മോഷണം നടന്നത്. മുഖ്യപ്രതി നജീബാണ് മോഷണത്തിന്റെ സൂത്രധാരന്‍ എന്ന് പൊലീസ് കണ്ടെത്തി. കിളികൊല്ലൂർ സ്റ്റേഷനിൽ അടിപിടി കേസുമായി ബന്ധപ്പെട്ട് ജയിലിൽ കിടന്നപ്പോഴാണ് നജീബ് മോഷണത്തിന്റെ ബാലപാഠങ്ങൾ മനസ്സിലാക്കിയത്. രണ്ടു മാസം കരിമഠം കോളനിയില്‍ ഫ്ലാറ്റ് വാടകയ്ക്കെടുത്ത് താമസിച്ചു. അവിടെ കോഴി വേസ്റ്റ് എടുക്കുന്ന ജോലി നോക്കി. ഇതിനിടെ നെടുമങ്ങാട്, ആറ്റിങ്ങൽ, ബാലരാമപുരം ഭാഗങ്ങളിൽ സഞ്ചരിച്ച് കടകൾ നോക്കി മനസ്സിലാക്കിയശേഷമാണ് നെടുമങ്ങാട് ടൗണിലെ അമൃത ജ്വല്ലറി തെരഞ്ഞെടുത്തത്.
സഹായത്തിനു വേണ്ടി കരിമഠം കോളനിയിലെ പ്രായപൂർത്തിയാകാത്ത രണ്ടുപേരെയും നെടുമങ്ങാട് വിളിക്കോട്ടെ മറ്റൊരു കുട്ടിയെയും കൂടെ കൂട്ടി. നജീബും സംഘവും മുഖം മൂടി ധരിച്ച് ഷട്ടറിന്റെ പൂട്ട് പൊളിച്ച് അകത്തു കയറി. ജ്വല്ലറിയിലെ 25 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപ വിലവരുന്ന വെള്ളി ആഭരണങ്ങളും സഞ്ചിയിലാക്കി. തെളിവ് നശിപ്പിക്കാന്‍ കടയില്‍ മുളക് പൊടി വിതറി.
മോഷ്ടിച്ച ആഭരണങ്ങളെല്ലാം തിരുവനന്തപുരം ചാലയിലെ വിവിധ ജ്വല്ലറികളിലാണ് വില്‍പന നടത്തിയത്. കിട്ടിയ തുകയുമായി ആര്‍ഭാട ജീവിതം നയിക്കുന്നതിനിടെയാണ് നാലംഗ സംഘത്തെ പൊലീസ് പൊക്കിയത്. പ്രതികള്‍ സമാനമായ മോഷണം നടത്തിയിട്ടുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam