
കൊല്ലം: സര്‍ക്കാര്‍ ഓഫീസുകളില്‍ ഫയല്‍ കാണാനില്ല എന്നത് വിവരാവകാശ നിയമ പ്രകാരം അംഗീകൃത മറുപടിയല്ലെന്നും നഷ്ടപ്പെട്ട ഫയല്‍ പുനഃസൃഷ്ടിച്ച് രേഖാപകര്‍പ്പുകള്‍ അപേക്ഷകര്‍ക്ക് ലഭ്യമാക്കണമെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ. എ എ ഹക്കീം. കൊല്ലം കോര്‍പറേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ജില്ലാതല ആര്‍.ടി.ഐ സിറ്റിങിലെ തെളിവെടുപ്പില്‍ സംസാരിക്കുകയായിരുന്നു.
വിവരം നല്‍കുന്നതില്‍ ഓഫീസര്‍ വീഴ്ചവരുത്തിയാല്‍ വകുപ്പിന്റെ ആസ്ഥാനം നഷ്ടപരിഹാരം നല്‍കേണ്ടിവരും. വിവരം നല്‍കുന്നതിന് നിരന്തരം തടസം നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ അച്ചടക്ക നടപടിക്ക് വിധേയമാകും. വിവരം വൈകിച്ചാല്‍ 25,000 രൂപ വരെ പിഴയും നല്‍കേണ്ടി വരും. ആര്‍ടിഐ അപേക്ഷകരെ ഒരു കാരണവശാലും വിവരാധികാരികള്‍ ഹിയറിങിന് വിളിക്കരുത്. ഓഫീസില്‍ ലഭ്യമല്ലാത്ത വിവരങ്ങള്‍, അത്‌ലഭ്യമായ ഓഫീസിലേക്ക് അയച്ചുകൊടുക്കണം. വിവരം ഫയലില്‍ ഉണ്ടെങ്കില്‍ അത് നല്‍കാന്‍ 30 ദിവസം വരെ കാത്തുനില്‍ക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ഹിയറിങ്ങില്‍ 31 കേസുകളാണ് പരിഗണിച്ചത്. കരുനാഗപ്പള്ളി പൊതുമരാമത്ത് റസ്റ്റ് ഹൗസുമായി ബന്ധപ്പെട്ട് പരാതി നല്‍കിയ വ്യക്തിയെ അപമാനിക്കുന്ന തരത്തില്‍ പെരുമാറിയതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് അസിസ്റ്റന്റ് എന്‍ജിനീയറെ കമ്മീഷന്‍ താക്കീത് ചെയ്തു.
ഉത്സവവുമായി ബന്ധപ്പെട്ട് കെഎസ്ഇബി പോസ്റ്റുകളില്‍ ഉച്ചഭാഷിണി സ്ഥാപിച്ചതും അനുമതിയില്ലാതെ ജനറേറ്ററും ശബ്ദവും വെളിച്ചവും ഉപയോഗിച്ചതിനെതിരെ സമര്‍പ്പിച്ച അപേക്ഷയില്‍ വിവരം ലഭ്യമാക്കാതിരുന്ന പെരുമ്പുഴ സെക്ഷന്‍ ഓഫീസിലെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ മുഴുവന്‍ വിവരങ്ങളും 10 ദിവസത്തിനകം ലഭ്യമാക്കണമെന്ന് നിര്‍ദ്ദേശിച്ചു.
കരുനാഗപ്പള്ളി സഹകരണ ഓഡിറ്റ് അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസില്‍ വ്യക്തി സമര്‍പ്പിച്ച അപേക്ഷയ്ക്ക് ബന്ധപ്പെട്ട സഹകരണസംഘം സന്ദര്‍ശിച്ച് 10 ദിവസത്തിനകം വിവരങ്ങള്‍ നല്‍കാനും ഉത്തരവിട്ടു. ഫാത്തിമ മാത കോളേജിലെ ഹിന്ദി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിന് നടത്തിയ അഭിമുഖത്തിന്റെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട ഹര്‍ജി കക്ഷിക്ക് ഒരാഴ്ചയ്ക്കുള്ളില്‍ നല്‍കാന്‍ തീരുമാനമായി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam