
കോഴിക്കോട്: ബേപ്പൂർ പോർട്ട് ഓഫീസിൽ ലഭിച്ച വിവരാവകാശ അപേക്ഷയുടെ മറുപടിയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ പേരും മറ്റ് വിവരങ്ങളും ചേർക്കാത്തതിൽ വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥർക്ക് കമ്മീഷന്റെ ശിക്ഷ. വിവരാകാശ കമ്മീഷണർ എ അബ്ദുൽ ഹക്കീമാണ് ഇമ്പോസിഷൻ എഴുതിച്ച് ഉദ്യോഗസ്ഥരെ ശിക്ഷിച്ചത്. കൂത്താട്ടുകുളം മുനിസിപ്പാലിറ്റിയിൽ വിവാരാകാശ ഓഫിസറായിരുന്ന ഇഗ്നേഷ്യസ് എം. ജോൺ, ബേപ്പൂർ പോർട്ട് ഓഫിസിലെ ഡയറക്ടറുടെ പിഎ അനിത സി എന്നിവരാണ് കമ്മീഷന് മുന്നിൽ നൂറുപ്രാവശ്യം സ്വന്തം പേരും ഫോൺ നമ്പറും എഴുതിയത്.
ഇഗ്നേഷ്യസ് കോഴിക്കോട് തദ്ദേശവകുപ്പ് റീജ്യണൽ ഡയറക്ടറാണ്. വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് വിവരം നൽകാതാരിക്കാനാണ് പരമാവധി ഇവർ ശ്രമിച്ചതെന്നും കമ്മീഷൻ പറഞ്ഞു. പേരുവെക്കാൻ മറന്നുപോയെന്ന് പറഞ്ഞപ്പോഴാണ് ഇവർക്ക് ഇമ്പോസിഷൻ നൽകിയത്. വടകര പോലീസ് സ്റ്റേഷനിൽ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട എഫ്.ഐ.ആർ കോപ്പി നൽകാനും കമ്മീഷൻ നിർദ്ദേശിച്ചു. വടകര ആർ.ഡി.ഒ ഓഫീസിലെ വിവരാവകാശ നിയമം പ്രകാരം ലഭിച്ച അപേക്ഷയിൽ ചട്ടങ്ങൾ പാലിക്കാത്തതിനാൽ ഫയൽ ആർ.ഡി.ഒക്ക് മടക്കി. കോഴിക്കോട് മുൻസിഫ് ഓഫീസിൽ ലഭിച്ച വിവരാവകാശ അപേക്ഷക്ക് 14 ദിവസത്തിനകം മറുപടി നൽകാനും കമ്മീഷൻ നിർദ്ദേശിച്ചു. വിവരം നൽകുമ്പോൾ പേര് അറിയിക്കാത്ത ഓഫീസർമാർ ശിക്ഷാർഹരെന്ന് വിവരാവകാശ കമ്മീഷണർ എ അബ്ദുൽ ഹക്കീം പറഞ്ഞു.
Read More.... ആരുമറിഞ്ഞില്ല, 76 കാരി കഴുത്തറ്റം ചതുപ്പിൽ പുതഞ്ഞ് കിടന്നത് 4 മണിക്കൂർ; ദൈവദൂതയായി സീന, ഒടുവിൽ ആശ്വാസം!
വിവരാവകാശ അപേക്ഷകരെ ഒന്നാം അപ്പീൽ അധികാരി ഹിയറിംഗിന് വിളിക്കുന്നതിന് ചട്ടം അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വിവരാവകാശ ഓഫീസർ തനിക്ക് ലഭിച്ച അപേക്ഷകളിൽ അവശ്യപ്പെടുന്ന വിവരങ്ങൾ മറ്റൊരു ഓഫീസിലാണ് ഉള്ളതെങ്കിൽ അവിടേക്ക് അയച്ചുകൊടുക്കണം. ഇത്തരം അപേക്ഷകൾക്ക് അപേക്ഷാ ഫീസ് ഇല്ലാതെ വിവരങ്ങൾ ലഭ്യമാക്കണം. ഇപ്രകാരം അപേക്ഷ രണ്ടാമത്തെ ഓഫീസിലേക്ക് അയച്ചു നൽകാതിരുന്ന കോഴിക്കോട് ജില്ലയിലെ നാല് ഓഫീസർമാരെ ചട്ടപ്രകാരം ശിക്ഷിക്കാൻ കമ്മീഷൻ തീരുമാനിച്ചതായും കമ്മീഷണർ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam