ലഹരി വിരുദ്ധ ദിനത്തിൽ മദ്യപിച്ചെത്തി; ഇടുക്കിയിൽ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകന് സസ്പെൻഷൻ

By Web TeamFirst Published Dec 14, 2022, 5:59 PM IST
Highlights

വാഗമൺ കോട്ടമല ഗവ. എൽ പി സ്കൂൾ അധ്യാപകൻ വിനോദിനെയാണ് സസ്പെന്റ് ചെയ്തത്. രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് നടപടി.

ഇടുക്കി: ഇടുക്കിയിൽ വാഗമണ്ണിലെ സര്‍ക്കാര്‍ സ്കൂളില്‍ മദ്യപിച്ചെത്തിയ അധ്യാപകന് സസ്പെൻഷൻ. വാഗമൺ കോട്ടമല ഗവ. എൽ പി സ്കൂൾ അധ്യാപകൻ വിനോദിനെയാണ് സസ്പെന്റ് ചെയ്തത്. രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് നടപടി.

നവംബര്‍ 14 ന് ലഹരി വിരുദ്ധ ദിനമായി സര്‍ക്കാര്‍ ആചരിക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിപാടിക്കിടെയാണ് വിനോദ് മദ്യപിച്ചെത്തിയത്   അധ്യാപകന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മാതാപിതാക്കള്‍ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസ് എത്തി നടത്തിയ വൈദ്യപരിശോധനയില്‍ മദ്യപിച്ചതായി തെളിഞ്ഞു. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും പൊലീസിന്റെ എഫ്ഐആറും പരിശോധിച്ച ശേഷമാണ് ഇടുക്കി ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഉത്തരവിട്ടത്.

അന്വേഷണം തുടങ്ങിയ ഉടനെ വിനോദിനെ നിര്‍ബന്ധിത ലീവില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ഒരു മാസമായിട്ടും നടപടിയില്ലാതെ വന്നതോടെ രക്ഷിതാക്കള്‍ പരസ്യസമരം തുടങ്ങുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനിടയിലാണ് സസ്പെൻഷൻ ഉത്തരവിറങ്ങിയത്. തിരുവനനന്തപുരം കാഞ്ഞിരംകുളം സ്വദേശിയായ വിനോദ് കഴിഞ്ഞ ഒരു വര്‍ഷമായി കോട്ടമല സ്കൂളില്‍ ജോലി ചെയ്ത് വരുകയാണ്.

click me!