പ്രതിസന്ധികള്‍ അറിയിക്കാതെ സര്‍ക്കാര്‍ ഓണം ഗംഭീരമാക്കി: മന്ത്രി ആന്റണി രാജു

By Web TeamFirst Published Aug 31, 2023, 9:10 PM IST
Highlights

ഓണം വാരാഘോഷത്തോടനുബന്ധിച്ച് നെയ്യാര്‍ ഡാമില്‍ നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി

തിരുവനന്തപുരം: പ്രതിസന്ധികളോ പരിമിതികളോ അറിയിക്കാതെ അതിഗംഭീരമായാണ് സംസ്ഥാന സര്‍ക്കാര്‍ ഇത്തവണ ഓണാഘോഷ പരിപാടികള്‍ നടപ്പിലാക്കുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ഓണം വാരാഘോഷത്തോടനുബന്ധിച്ച് നെയ്യാര്‍ ഡാമില്‍ നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജാതിമത ചിന്തകളെ അകറ്റി നിര്‍ത്തി എല്ലാവരെയും ഒരുപോലെ കാണുന്നതാണ് കേരളത്തിന്റെ സംസ്‌കാരമെന്നും മന്ത്രി പറഞ്ഞു. ആഗസ്റ്റ് 28 ന് ആരംഭിച്ച നെയ്യാര്‍ ഡാമിലെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ ഒന്നിന് സമാപിക്കും. സംഗീത - നൃത്തസന്ധ്യ ഉള്‍പ്പെടെ നിരവധി കലാപരിപാടികള്‍ അരങ്ങേറി. സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. നെയ്യാര്‍ ഡാം പരിസരത്ത് നടന്ന ചടങ്ങില്‍ കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാര്‍ , പങ്കജകസ്തൂരി എം.ഡി ജെ. ഹരീന്ദ്രന്‍ നായര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Read also: ഓണാഘോഷം കഴിഞ്ഞ് മടങ്ങവെ ബൈക്ക് തെന്നി മറിഞ്ഞ് അപകടം; യുവാവ് മരിച്ചു

അതേസമയം അനന്തപുരിയെ ദീപക്കാഴ്ച്ചകളില്‍ നിറച്ചും മുപ്പത്തിയൊന്നോളം വേദികളില്‍ പാതിരാവോളം ആടിയും പാടിയും എല്ലാ മനുഷ്യരും ഒന്നാണെന്ന സന്ദേശം പടര്‍ത്തിയും മലയാളി കൊണ്ടാടിയ ഇത്തവണത്തെ ഓണം വാരാഘോഷത്തിന്റെ മായക്കാഴ്ച്ചകള്‍ സെപ്തംബര്‍ രണ്ടാം തീയ്യതി പ്രൗഢ ഗൗഭീരമായ ഘോഷയാത്രയോടെ സമാപിക്കും. കവടിയാര്‍ മുതല്‍ മണക്കാട് വരെയും ശാസ്തമംഗലം മുതല്‍ വെള്ളയമ്പലം വരെയും പ്രധാനവേദിയായ കനകക്കുന്നിലും വിവിധ സര്‍ക്കാര്‍ ഓഫീസുകളിലുമൊരുക്കിയ ദീപാലങ്കാരത്തിനു പുറമെ ഇത്തവണ അതിവിപുലമായ ലേസര്‍ ഷോയും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും വൈകുന്നേരം ഏഴിന് തുടങ്ങുന്ന ലേസര്‍ ഷോ കാണാനും ന്യൂജന്‍ പാട്ടിനൊപ്പം തുള്ളാനും നിരവധി പേരാണ് കനകക്കുന്നിലെത്തുന്നത്.നിരവധി പുതുമകള്‍ ചേര്‍ന്ന ദീപാലങ്കാരവും ലേസര്‍ ഷോയും ശനിയാഴ്ച കൂടി ആസ്വദിക്കാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!