ഓണാഘോഷം കഴിഞ്ഞ് മടങ്ങവെ ബൈക്ക് തെന്നി മറിഞ്ഞ് അപകടം; യുവാവ് മരിച്ചു
തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനത്തിൽ ബ്യൂട്ടിഷ്യൻ കോഴ്സ് പഠിക്കുന്ന സീൻ കരുംകുളത്തെ സുഹൃത്തിന്റെ വീട്ടിൽ എത്തിയതായിരുന്നു.

തിരുവനന്തപുരം: ഓണാഘോഷം കഴിഞ്ഞ് മടങ്ങവെ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച തമിഴ്നാട് സ്വദേശി മരിച്ചു. കന്യാകുമാരി വിളവംകോട് കാരുണ്യാപുരം വീട്ടിൽ ഷീജയുടെ മകൾ സീൻ (21) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന വെങ്ങാനൂർ സ്വദേശി ധനുഷിനെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഒരു മണിയോടെ കാഞ്ഞിരംകുളം കാണവിള കോളനിക്ക് സമീപമായിരുന്നു അപകടം. തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനത്തിൽ ബ്യൂട്ടിഷ്യൻ കോഴ്സ് പഠിക്കുന്ന സീൻ കരുംകുളത്തെ സുഹൃത്തിന്റെ വീട്ടിൽ എത്തിയിരുന്നു. അവിടെ നിന്ന് മറ്റ് സുഹൃത്തുക്കളോടൊപ്പം രാത്രിയിൽ ഓണാഘോഷ പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടയിൽ ബൈക്ക് തെന്നിമറിഞ്ഞായിരുന്നു അപകടം.
റോഡു വക്കിലെ പൈപ്പ് കുറ്റിയിൽ തലയിടിച്ച് ഗുരുതര പരിക്കേറ്റ യുവതിയെ നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ബുധനാഴ്ച വൈകുന്നേരത്തോടെ മരണമടഞ്ഞു. കാഞ്ഞിരംകുളം പോലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.
മൂർക്കനിക്കര കൊലപാതകം; കാരണം ഡാൻസ് കളിക്കിടെയുണ്ടായ തർക്കം, പ്രതികളെല്ലാം പിടിയിൽ
തൃശ്ശൂർ: തൃശ്ശൂരിലെ രണ്ട് കൊലപാതകങ്ങളിലെയും മുഴുവൻ പ്രതികളും പിടിയിലായി. മൂർക്കനിക്കരയിൽ ഡാൻസ് കളിക്കിടെ ഉണ്ടായ തർക്കമാണ് കൊലയ്ക്ക് കാരണമെന്ന് സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകൻ പറഞ്ഞു. എല്ലാ പ്രതികളും പിടിയിലായെന്നും പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും പൊലീസ് അറിയിച്ചു. നഗരത്തിലെ പൊലീസ് നിഷ്ക്രിയമല്ലെന്നും അങ്കിത് അശോകൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
തൃശൂരിൽ ഇന്നലെ രാത്രി മൂന്ന് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് പേർ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. നെടുപുഴയിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ 24 വയസ്സുകാരൻ കരുണാമയിയാണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍. അപകടത്തിൽ പെട്ട് കിടക്കുകയായിരുന്നെന്ന് പറഞ്ഞ് മൂന്ന് പേരാണ് ഇയാളെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. കരുണാമയിയുടെ സുഹൃത്തുക്കളായ അമൽ, വിഷ്ണു, ബിനോയ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മൂർക്കനിക്കര വായനശാലയുടെ കുമ്മാട്ടി ആഘോഷത്തിനിടെയാണ് രണ്ടാമത്തെ കൊലപാതകമുണ്ടായത്. ഡാൻസ് കളിച്ചതിനെച്ചൊല്ലിയുള്ള തർക്കത്തിൽ 28 കാരൻ അഖിലാണ് കൊല്ലപ്പെട്ടത്. ഈ കേസിലെ പ്രതികളായ വിശ്വജിത്ത്, ബ്രഹ്മ ജിത്ത് എന്നീ ഇരട്ട സഹോദരങ്ങൾക്കായുള്ള തെരച്ചിൽ പൊലീസ് ഊർജിതപ്പെടുത്തിയിട്ടുണ്ട്. ഇരുവരും ക്രിമിനൽ പശ്ചാത്തലമുള്ളവരാണ്. മൂന്നാമത്തെ സംഭവമുണ്ടായത് അന്തിക്കാടാണ് ഉണ്ടായത്. നിമേഷ് എന്നയാൾക്കാണ് കുത്തേറ്റത്. കുത്തിയ ഹിരത്തിനും പരിക്കുണ്ട്. ഹിരത്തിന്റെ വീട്ടിലെത്തി നടത്തിയ സംഘർഷത്തിനിടെയായിരുന്നു കത്തിക്കുത്ത് നടന്നത്.