പ്രളയ ദുരിതാശ്വാസം; മലപ്പുറം ജില്ലയിൽ 27.50 കോടി സഹായധനം വിതരണം ചെയ്തു

By Web TeamFirst Published Dec 12, 2019, 6:57 PM IST
Highlights

പ്രളയവും ഉരുൾപൊട്ടലുകളും കാരണം വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞ 18,812 കുടുംബങ്ങൾക്ക് 18,81,20,000 രൂപ കൈമാറി. ബന്ധു വീടുകളിൽ അഭയം പ്രാപിച്ച കുടുംബങ്ങൾക്കുള്ള സഹായധന വിതരണവും പുരോഗമിക്കുകയാണ്. 

മലപ്പുറം: മലപ്പുറം ജില്ലയിൽ പ്രളയ ബാധിതരായ 27,505 കുടുംബങ്ങൾക്ക് 10,000 രൂപ വീതം 27,50,50,000 അടിയന്തര ധനസഹായം വിതരണം ചെയ്തതായി ജില്ലാകലക്ടർ ജാഫർ മലിക് അറിയിച്ചു. 2019 ഓഗസ്റ്റ് മാസത്തിലുണ്ടായ പ്രളയവും ഉരുൾപൊട്ടലുകളും കാരണം വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞ 18,812 കുടുംബങ്ങൾക്ക് 18,81,20,000 രൂപ കൈമാറി. ബന്ധു വീടുകളിൽ അഭയം പ്രാപിച്ച കുടുംബങ്ങൾക്കുള്ള സഹായധന വിതരണവും പുരോഗമിക്കുകയാണ്. 

വിവിധ താലൂക്ക് പരിധികളിൽ 8,693 കുടുംബങ്ങൾക്ക് 8,69,30,000 രൂപ ഈ വിഭാഗത്തിൽ നൽകിയത്. ലാൻഡ് റവന്യൂ കമ്മീഷണറുടെ നേതൃത്വത്തിൽ കേന്ദ്രീകൃത സംവിധാനം വഴിയാണ് ധനസഹായ വിതരണം. പ്രളയത്തിലും ഉരുൾപൊട്ടലുകളിലും മരിച്ച 71 പേരിൽ 62 പേരുടെ ആശ്രിതർക്ക് നാലു ലക്ഷം രൂപ വീതം സഹായധനം നൽകി. ഒമ്പതു പേരുടെ ആശ്രിതർക്കുള്ള സഹായധനം വിതരണം ചെയ്യാൻ നിയമപരമായ നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്. തകർന്ന വീടുകളുടെ പരിശോധന ഇതിനകം പൂർത്തിയായി. 

പൂർണമായും ഭാഗികമായും വീടു തകർന്നവർക്കുള്ള ധനസഹായ വിതരണം ഉടൻ ആരംഭിക്കും. പ്രളയത്തിൽ തകർന്ന കോളനികൾ പുനരധിവസിപ്പിക്കാൻ സ്ഥലം കണ്ടെത്താനും വീടു നിർമ്മാണത്തിനുമുള്ള നടപടികൾ പുരോഗമിക്കുന്നുണ്ട്. നിലമ്പൂർ ഐ.ടി.ഡി.പിയുടെ നേതൃത്വത്തിൽ പോത്തുകല്ലിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലുള്ള ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ ഭൂമി വാങ്ങാനുള്ള നടപടികൾ ഡിസംബർ 20നകം പൂർത്തിയാക്കും. വിവിധ ഏജൻസികളുടെ സഹായ ത്തോടെയാണ് വീടു നഷ്ടപ്പെട്ട കുടുംബങ്ങൾക്കു പുതിയ വീടുകൾ നിർമ്മിക്കുന്നത്.

click me!