
പാലക്കാട്: സാമൂഹിക വിരുദ്ധരുടെ നിരന്തര ഉപദ്രവം കാരണം ജോലി ചെയ്യാൻ സാധിക്കാതെ സർക്കാർ ഉദ്യോഗസ്ഥ. പാലക്കാട് മുണ്ടൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായ രമ്യക്കാണ് ദുരനുഭവം. ജോലിക്കിടെ നമ്പർ തെറ്റി ഫോൺ വിളിച്ചതിനാണ് മനുഷ്യത്വ രഹിതമായ സൈബറാക്രമണം നേരിടുന്നത്. പരാതി നൽകിയിട്ടും പൊലീസ് ഒരു നടപടിയും എടുക്കുന്നില്ലെന്നും രമ്യ കണ്ണീരോടെ പറയുന്നു.
ജോലിയുടെ ഭാഗമായി ഓരോ ദിവസവും നൂറുകണക്കിന് കോളുകൾ ചെയ്യണം. എന്നാൽ, ഇതിനായി ഔദ്യോഗികമായ ഫോണില്ല. അതുകൊണ്ടുതന്നെ ആശ്രയം സ്വന്തം ഫോൺ തന്നെ. ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്ന് ലഭിച്ച നമ്പറുകളിലൊന്നിൽ പിശകുണ്ടായതാണ് പ്രശ്നങ്ങൾക്ക് കാരണം. ഡെങ്കിപ്പനി ബാധിച്ച ആളെ വിളിച്ച കോൾ തെറ്റി വയനാട്ടിലുള്ള മറ്റൊരാൾക്ക് പോയി. പിന്നാലെയാണ് ഹെൽത്ത് ഇൻസ്പെക്ടർക്ക് സൈബർ ആക്രമണം നേരിടേണ്ടി വന്നത്.
നമ്പർ തെറ്റിയെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥയാണെന്നും പറഞ്ഞിട്ടും ക്രൂരത തുടരുകയാണ്. വിളിച്ച് അസഭ്യം പറയുക മാത്രമല്ല, അശ്ലീല ഗ്രൂപ്പുകളിലുൾപ്പെടെ നമ്പർ ഷെയർ ചെയ്തും ഉപദ്രവിക്കുന്നു. പല നമ്പറുകളിൽ നിന്ന് മാറിമാറിയാണ് വിളിക്കുന്നത്. വിദേശത്തുനിന്ന് ഉൾപ്പെടെ വീഡിയോ കോളുകൾ നിരന്തരമായി വരുന്നു. ഗത്യന്തരമില്ലാതെ സൈബർ പൊലീസിൽ പരാതി നൽകി. പ്രതികളെ കണ്ടെത്താൻ ഇതുവരെയായിട്ടില്ല. പൊലീസിൽ പരാതി നൽകിയിട്ടും ശല്യം തുടരുകയാണെന്നും രമ്യ പറയുന്നു. ഹെൽത്ത് ഇൻസ്പെക്ടർ മാർക്ക് ഔദ്യോഗിക ഫോൺ അനുവദിക്കണമെന്നും ഏറെക്കാലമായുള്ള ആവശ്യം ഇനിയും നടപ്പായിട്ടില്ല. ഫോൺ ചെയ്യുന്നതു മാത്രമല്ല, ഔദ്യോഗിക കൃത്യ നിർവഹണത്തിനായി വിവിധ ആപ്പുകളും ഇവർ സ്വകാര്യ ഫോണിലാണ് ഉപയോഗിക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam