
കല്‍പ്പറ്റ: അമ്മ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് അനാഥരായ കുട്ടികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണമൊരുക്കും. മേപ്പാടിക്കടുത്ത് വടുവഞ്ചാല്‍ വട്ടത്തുവയല്‍ മഞ്ഞളം അറുപത് കോളനിയിലെ സിനി (27) യുടെ കൊലപാതകത്തോടെ അനാഥരായ നാല് പെണ്‍മക്കളുടെ സംരക്ഷണമാണ് സര്‍ക്കാര്‍ ഏറ്റെടുക്കുക. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ഭര്‍ത്താവ് വിജയ് (30)യുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് സിനി കൊല്ലപ്പെട്ടത്.
അച്ഛന്‍ ജയിലില്‍ ആയതോടെ ഏഴ് വയസ്സില്‍ താഴെ പ്രായമുള്ള നാല് പെണ്‍മക്കള്‍ അനാഥരായി. ഇതറിഞ്ഞ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എയാണ് കുഞ്ഞുങ്ങളെ സര്‍ക്കാര്‍ ചിലവില്‍ സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് അറിയിച്ചത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കോളനിയിലെത്തിയ എംഎല്‍എ കുട്ടികളെ നേരില്‍ കണ്ടിരുന്നു.
മൊബൈല്‍ ഫോണിന്റെ പേരിലാണ് വിജയിയും സിനിയും തര്‍ക്കം തുടങ്ങിയത്. വിജയിയുടെ ഫോണ്‍ സിനി ആവശ്യപ്പെട്ടു. നല്‍കാതെയായപ്പോള്‍ തര്‍ക്കം കൈയ്യാങ്കളിയിലെത്തി. ഇതിനിടെ സിനിയെ വിജയ് പിടിച്ചു തള്ളി. തലയിടിച്ചു വീണ സിനി ബോധരഹിതയായി. സമീപവാസികളും ഭര്‍ത്താവും ചേര്‍ന്ന് യുവതിയെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
യുവതിയുടെ സംസ്‌കാര ചടങ്ങുകള്‍ കഴിഞ്ഞതിന് ശേഷം പൊലീസ് വിജയിയെ അറസ്റ്റ് ചെയ്തു. തെളിവുകള്‍ ശേഖരിക്കാന്‍ വിരലടയാള വിദഗ്ധരും കോളനിയിലെ വീട്ടിലെത്തി പരിശോധന നടത്തിയിരുരുന്നു. അച്ഛന്‍ ജയിലില്‍ ആയതോടെ കുട്ടികളുടെ സംരക്ഷണം ആശങ്കയിലായതിനെ തുടര്‍ന്നാണ് അധികൃതര്‍ ഇടപ്പെട്ടത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam