
ചെങ്ങന്നൂർ: വളർത്തുനായ്ക്കളെ പൂട്ടിയിട്ട് വളർത്തുന്നില്ലെന്നു കാട്ടി ഉടമയ്ക്കെതിരെ സമീപവാസികൾ പരാതി നൽകിയതിനെ തുടര്‍ന്ന് ഗ്രാമ പഞ്ചായത്ത് അധികൃതർ വീട്ടിലെത്തി നോട്ടീസ് പതിപ്പിച്ചു. തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തിൽ ഒന്നാം വാർഡ് ഇരമല്ലിക്കരയിൽ കക്കാട്ടുശേരിൽ വീട്ടിൽ സത്യനെതിരെയാണ് പരാതി. ഇദ്ദേഹം ഏകദേശം പത്തിലധികം പട്ടികളെ വീട്ടിൽ സംരക്ഷിച്ചു വരുന്നുണ്ട്. വീട്ടില്‍ ഓമനിച്ചു വളർത്തുന്ന നായ്ക്കളെക്കൂടാതെ തെരുവിൽ നിന്നെടുത്തു കൊണ്ടുവന്നവയും ഉണ്ട്.
ഇവയ്ക്ക് പഞ്ചായത്തിൽ നിന്നും ലൈസൻസ് എടുക്കുകയോ, പൂട്ടിയിട്ട് വളർത്തുകയോ ചെയ്യുന്നില്ല എന്ന് കാട്ടിയാണ് നാട്ടുകാർ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയത്. ഈ നായ്ക്കളിൽ പലതും സമീപവാസികൾക്കും ഇതു വഴി ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്ന യാത്രക്കാർക്കും കാൽനടക്കാർക്കും ഭീഷണി ഉയർത്തുകയാണ്.
ഇരമല്ലിക്കര ഹിന്ദു യു പി എസ്, ദേവസ്വം ബോർഡ് അയ്യപ്പാ കോളേജ് എന്നീ സ്ഥാപനങ്ങളിലേയ്ക്കും, വിവിധ ആരാധനാലയങ്ങളിലേയ്ക്കും പോകുന്നവർക്കും നായ്ക്കൾ വെല്ലുവിളി ഉയർത്തിയിട്ടുണ്ട്. ഇരുചക്രവാഹനങ്ങൾ കടന്നു വരുമ്പോൾ അതിനു പിറകേ കുരച്ച്കൊണ്ട് ഓടുകയും വാഹനം ഓടിക്കുന്നയാളിന്‍റെ നിയന്ത്രണം തെറ്റി മറിഞ്ഞു വീഴുന്നതും നിത്യസംഭവമായി മാറിയിരിക്കുന്നു.
ഇതേത്തുടർന്നാണ് നായ്ക്കൾക്ക് ലൈസൻസ് എടുക്കണമെന്നും, പൂട്ടിയിട്ട് വളർത്തണമെന്നും ആവശ്യപ്പെട്ടു കൊണ്ട് പരാതി നൽകിയത്. അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്നു ബോധ്യപ്പെട്ട ഗ്രാമപഞ്ചായത്ത് സെക്രട്ടറി, സത്യന്‍റെ വീട്ടിൽ എത്തി നോട്ടീസ് പതിച്ചു. നേരത്തെ നല്‍കിയ നോട്ടീസ് ഉടമസ്ഥൻ കൈപറ്റാത്തതിനെത്തുടർന്ന് ഡോറിൽ നോട്ടീസ് പതിച്ചു മടങ്ങുകയാണുണ്ടായത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam